ഇന്ത്യയുടെ രണ്ട് പ്രധാന പരമ്പരകള്‍ നടക്കാനുണ്ടെന്നിരിക്കെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു യുവതാരം പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് കാണാനായി കാത്തിരുന്നത്. എന്നാല്‍ എപ്പോഴത്തേയും പോലെ നിരാശപ്പെടാനായിരുന്നു ആരാധകരുടെ വിധി.
പൃഥ്വി ഷാ അടക്കമുള്ള നിരവധി താരങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു ബി.സി.സി.ഐയും സെലക്ടര്‍മാരും സ്‌ക്വാഡ് പ്രഖ്യാപിച്ചത്. നാളുകളേറെയായി നാഷണല്‍ ജേഴ്‌സി അന്യമായ ഷായുടെ തിരിച്ചുവരവിന് കാത്തിരുന്ന ആരാധകര്‍ക്കും പൂര്‍ണമായ നിരാശയായിരുന്നു ഫലം.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഷാ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. അടുത്ത വിരേന്ദര്‍ സേവാഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഷാ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായി പോലും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ ചില ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ താരം ടീമിന് പുറത്താവുകയായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചട്ടും പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയിട്ടും താരത്തെ പരിഗണിക്കാനോ എന്തിന് കണ്ടതായി പോലും നടിക്കാനോ ബി.സി.സി.ഐയോ സെലക്ടര്‍മാരോ ശ്രമിച്ചിരുന്നില്ല.
മടങ്ങിയെത്തിയതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ ഷാ തെറ്റില്ലാത്ത പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. എന്നാല്‍, ഈ പരമ്പരയില്‍ നിന്നും തഴഞ്ഞതോടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
ഷാ ബി.സി.സി.ഐയുടെ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും പൃഥ്വി ഷായോടുള്ള വിവേചനം സെലക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നു. താരം ഇന്ത്യ വിട്ട് അയര്‍ലാന്‍ഡിന് വേണ്ടി കളിക്കണമെന്നുപോലും ആരാധകര്‍ പറയുന്നുണ്ട്.
നിലവില്‍ മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫിയിലാണ് ഷാ കളിക്കുന്നത്. നേരത്തെ വിജയ് ഹസാരെ ട്രോഫിയിലെ ഏഴ് മത്സരത്തില്‍ നിന്നും ഷാ 217 റണ്‍സ് സ്വന്തമാക്കിയിരുന്നു.
10 മത്സരത്തില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 332 റണ്‍സാണ് താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്നും സ്വന്തമാക്കിയത്.
Content Highlight: Fans against BCCI for omitting Prithvi Shaw