ബിഗ് ബാഷ് ലീഗിലെ വിചിത്ര നിയമത്തിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍. സ്റ്റേഡിയത്തിലെ റൂഫില്‍ പന്ത് കൊണ്ടാല്‍ നേരിട്ട് സിക്‌സര്‍ വിളിക്കുന്ന ബി.ബി.എല്‍ നിയമത്തിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബി.ബി.എല്ലില്‍ നടന്ന മെല്‍ബണ്‍ ഡെര്‍ബിക്ക് പിന്നാലെയാണ് ആരാധകര്‍ വിമര്‍ശനമുന്നയിച്ചത്. മെല്‍ബണ്‍ റെനഗെഡ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ബൗണ്ടറി കടക്കാതെ രണ്ട് തവണയാണ് അമ്പയര്‍ ഈ നിയമത്തിന്റെ ഭാഗമായി സിക്‌സര്‍ വിളിച്ചത്.
ബി.ബി.എല്ലിന്റെ ‘സ്റ്റേഡിയം റൂഫ്’ എന്ന സെക്ഷനിലെ 19.7.1 ബൈ സെക്ഷനിലാണ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ തട്ടിയാല്‍ റണ്‍സ് അനുവദിക്കുന്നതിനെ കുറിച്ച് വിശദീകരിക്കുന്നത്.
‘ബാറ്റില്‍ തട്ടിയ പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലോ അതിന്റെ മറ്റ് ഭാഗങ്ങളിലോ തട്ടിയാല്‍ അത് ബൗണ്ടറിയായി കണക്കാക്കുകയും ആറ് റണ്‍സ് അനുവദിക്കുകയും ചെയ്യും’ എന്നതാണ് ബി.ബി.എല്ലിന്റെ ‘മേല്‍ക്കൂര നിയമം’.
മെല്‍ബണ്‍ ഡെര്‍ബിയില്‍ റെനെഗെഡ്‌സിന് അനുകൂലമായി രണ്ട് തവണയാണ് ഇത്തരത്തില്‍ സിക്‌സര്‍ അനുവദിച്ചത്.
സ്റ്റാര്‍സ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു ഇത്തരത്തിലെ ആദ്യ സിക്‌സര്‍ പിറന്നത്. ഓപ്പണര്‍ ജോ ക്ലാര്‍ക്കായിരുന്നു മേല്‍ക്കൂര നിയമത്തിലൂടെ സ്റ്റാര്‍സിന് ആദ്യ മാക്‌സിമം സമ്മാനിച്ചത്. 12 ഓവറുകള്‍ക്ക് ശേഷം സമാനമായ രീതിയില്‍ മറ്റൊരു ആറ് റണ്‍സും പിറന്നു.
ബി.ബി.എല്ലിലെ ഈ നിയമത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ക്രിക്കറ്റ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഇത്തരത്തില്‍ രണ്ട് സിക്‌സര്‍ നേടിയിട്ടും മത്സരം ജയിക്കാന്‍ സ്റ്റാര്‍സിന് സാധിച്ചില്ല. ആറ് റണ്‍സിനായിരുന്നു സ്റ്റാര്‍സിന്റെ തോല്‍വി.
നേരത്തെ, മാര്‍വെല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്റ്റാര്‍സ് റെനെഗെഡ്‌സിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് റെനെഗെഡ്‌സ് സ്വന്തമാക്കിയത്.
സാം ഹാര്‍പ്പറിന്റെ അര്‍ധ സെഞ്ച്വറിയും (51) ജോനാഥന്‍ വെല്‍സ് (44) മാറ്റ് ക്രിച്ച്‌ലി (23) എന്നിവരുടെ ഇന്നിങ്‌സാണ് റെനെഗെഡ്‌സിനെ 162ലെത്തിച്ചത്.
സ്റ്റാര്‍സിനായി ലിയാം ഹാച്ചറും ബ്രോഡി കൗച്ചും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സ്റ്റാര്‍സിന് 156 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. 37 പന്തില്‍ നിന്നും 59 റണ്‍സ് നേടിയ ജോ ക്ലാര്‍ക്കാണ് സ്റ്റാര്‍സ് നിരയില്‍ തിളങ്ങിയത്.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്നാം പോയിന്റ് പട്ടികയില്‍ സ്ഥാനത്തേക്കുയരാനും റെനെഗ്ഡ്‌സിനായി. ആറ് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റാണ് റെനെഗെഡ്‌സിനുള്ളത്.
കളിച്ച 11 മത്സരത്തില്‍ എട്ടിലും തോറ്റ സ്റ്റാര്‍സ് പോയിന്റ് പട്ടികയിലെ അവസാനക്കാരാണ്.
Content Highlight: Fans against BBL’s Stadium Roof Rule