| Wednesday, 5th October 2022, 1:28 pm

'ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അര്‍ഹതയില്ലാത്ത ബാഴ്‌സലോണ അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥലത്ത് തന്നെ എത്തിയിരിക്കുകയാണ്'

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ററിന്റെ വിജയം.

ഇന്ററിന്റെ ടര്‍ക്കിഷ് ഇന്റര്‍നാഷണല്‍ ഹാകന്‍ കാല്‍ഹാനോഗ്ലു (Hakan Çalhanoglu) ആണ് മത്സരത്തിലെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ഹാകന്‍ ബാഴ്സ വലകുലുക്കിയത്.

ബാഴ്‌സക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ ടീമിനായില്ല. സൂപ്പര്‍ താരം പെഡ്രിയും ബാഴ്‌സക്കായി പന്ത് വലയിലാക്കിയിരുന്നു. മത്സരത്തിന്റെ 66ാം മിനിട്ടില്‍ ഡെംബാലെയുടെ ക്രോസില്‍ നിന്നും പെഡ്രിയുടെ ഷോട്ട് ഇന്റര്‍ മിലാന്റെ ഗോള്‍കീപ്പറെ മറികടന്നപ്പോള്‍ ബാഴ്‌സ സമനില നേടിയെന്നായിരുന്നു എല്ലാവരും കരുതിയത്.

എന്നാല്‍ ഹാന്‍ഡ് ബോളുണ്ടെന്ന സംശയത്തിന് പിന്നാലെ റഫറി വാറിലേക്ക് (VAR) നീങ്ങുകയും ഹാന്‍ഡ് ബോള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഗോള്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.

ഫൈനല്‍ വിസില്‍ വരെ പൊരുതിയെങ്കിലും ബാഴ്‌സയില്‍ നിന്നും വിജയം മാത്രം അകന്നുനിന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഗ്രൂപ്പ് സിയില്‍ ബാഴ്‌സ മൂന്നാം സ്ഥാനത്തേക്ക് വീണു.

കളിച്ച മൂന്നിലും വിജയവുമായി ബുണ്ടസ് ലീഗ ജയന്റ്‌സായ ബയേണ്‍ മ്യൂണിക്ക് ഗ്രൂപ്പില്‍ ഒന്നാമതും സീരി എ സൂപ്പര്‍ ടീം ഇന്റര്‍ മിലാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ്. ഇന്ററിനോട് മൂന്ന് പോയിന്റ് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ ഇപ്പോള്‍.

ഇതിന് പിന്നാലെ ബാഴ്‌സക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാഴ്‌സക്ക് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യതയില്ലെന്നും, ഇപ്പോഴാണ് ബാഴ്‌സ കളിക്കേണ്ടിയിരുന്ന യൂറോപ്പ ലീഗിലെത്തിയതെന്നും ഇവര്‍ പറയുന്നു.

ഇതിന് പുറമെ ബാഴ്‌സയുടെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കെതിരെയും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ലാ ലീഗയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കവെയാണ് ചാമ്പ്യന്‍സ് ലീഗില്‍ മോശം പ്രകടനം തുടരുന്നത് എന്നതും ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.

ഇനി ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് സ്‌റ്റേജിലെത്തണമെങ്കില്‍ ബാഴ്‌സക്ക് ജീവന്‍ മരണ പോരാട്ടം പുറത്തെടുത്തേ മതിയാവൂ.

ഒക്ടോബര്‍ 13നാണ് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയുടെ അടുത്ത മത്സരം. ഇന്റര്‍ മിലാന്‍ തന്നെയാണ് എതിരാളികള്‍.

Content highlight: Fans against Barcelona after poor performance in Champions League

We use cookies to give you the best possible experience. Learn more