| Thursday, 6th July 2023, 8:08 pm

സഞ്ജു ടീമിലെത്തിയതില്‍ സന്തോഷം, എന്നാല്‍ അവനെവിടെ? സൂപ്പര്‍ താരത്തിനായി പ്രതിഷേധം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ ഐ.പി.എല്‍ സെന്‍സേഷനുകളായ യശസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ച റിങ്കു സിങ്ങിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അഞ്ച് സിക്‌സര്‍ പറത്തിയ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നെടുംതൂണായ റിങ്കു സിങ്ങിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ ഏറെ നിരാശരാണ്. അവര്‍ തങ്ങളുടെ നിരാശ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുമുണ്ട്.

ബി.സി.സി.ഐ റിങ്കു സിങ്ങിനോട് കാണിച്ചത് അനീതിയാണെന്നും റിങ്കുവിന് നീതി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യ – അയര്‍ലന്‍ഡ് പരമ്പരയില്‍ റിങ്കു സിങ് ഉള്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് ടി-20 മത്സരങ്ങളായിരിക്കും ഇന്ത്യയുടെ ഐറിഷ് പര്യടനത്തിലുണ്ടാവുക. റിങ്കു സിങ്ങിന് പുറമെ പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെയും അയര്‍ലന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, അഞ്ച് ടി-20 മത്സരങ്ങളാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ഓഗസ്റ്റ് മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയാണ് വേദി.

ടി-20 പരമ്പരക്ക് പുറമെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കും. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 സക്വാഡ്

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

Content highlight: Fans against against BCCI for excluding Rinku Singh

We use cookies to give you the best possible experience. Learn more