ഭ്രമയുഗ മയം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫാന്‍മെയ്ഡ് പോസ്റ്ററുകള്‍
Film News
ഭ്രമയുഗ മയം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫാന്‍മെയ്ഡ് പോസ്റ്ററുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd January 2024, 2:15 pm

ജനുവരി ഒന്ന് മുതല്‍ തുടര്‍ച്ചയായി ഭ്രമയുഗം പോസ്‌റുകള്‍ പുറത്ത് വിട്ട് ഞെട്ടിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി ഒന്നിന് മമ്മൂട്ടിയുടേയും തുടര്‍ന്നുള്ള അര്‍ജുന്‍ അശോകന്റേയും സിദ്ധാര്‍ത്ഥ് ഭരതന്റേയും പോസ്റ്ററുകളാണ് പുറത്ത് വിട്ടത്.

ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ് ഭ്രമയുഗത്തിന്റെ പോസ്റ്ററുകള്‍ തയാറാക്കിയിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ്, ഖലീഫ, ഭൂതകാലം, ബസൂക്ക, ചതുരം, 2018 തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കായി എസ്‌തെറ്റിക് കുഞ്ഞമ്മ പോസ്റ്ററുകള്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ പോസ്റ്ററുകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയും ഭ്രമുയുഗ മയമായിരിക്കുകയാണ്. പല തരത്തില്‍ ക്രിയേറ്റീവായ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തെയ്യക്കോലം കെട്ടിയ മമ്മൂട്ടിയെയാണ് ഭൂരിഭാഗം പോസ്റ്ററുകളിലും കാണാനാവുന്നത്.

പോസ്റ്റുകള്‍ പുറത്ത് വന്നതോടെ ഭ്രമയുഗത്തെ പറ്റിയുള്ള തിയറികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധായനത്തില്‍ 30 വര്‍ഷം മുമ്പ് പുറത്ത് വന്ന വിധേയനുമായി ഭ്രമയുഗത്തെ കൂട്ടിക്കെട്ടുന്നതാണ് അതിലൊരു തിയറി. ഒറ്റനോട്ടത്തില്‍ ഭാസ്‌കര പട്ടേലരുടെ ഭാവവും രൂപവും വന്യതയും ഭ്രമയുഗത്തിന്റെ പോസ്റ്ററിലെ കാരണവരിലും കാണാനാവും.

ജനുവരി ഒന്നിന് പുറത്ത് വന്ന സെക്കന്റ് ലുക്കിനും ഒരു പട്ടേലര്‍ കണക്ഷനുണ്ട്. തലക്ക് മുകളില്‍ കാട്ടുപോത്തിന്റെ കൊമ്പേന്തിയ പട്ടേലരുടെ രൗദ്ര ഭാവം പേറുന്നുണ്ട് ഭ്രമയുഗത്തിന്റെ സെക്കന്റ് ലുക്ക്. അര്‍ജുന്‍ അശോകന്റെ പോസ്റ്റര്‍ കൂടി പുറത്ത് വന്നതോടെ ഇത് വിധേയനിലെ തൊമ്മിയല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി പ്രേതമോ ദുര്‍മന്ത്രവാദിയോ ആകാമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. മലയാളത്തിന്റെ കാന്താരയാവും ഭ്രമയുഗമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഭ്രമയുഗം മലയാളത്തിന്റെ ഗെയിം ചെയ്ഞ്ചറാവും എന്നാണ് മറ്റ് വിലയിരുത്തലുകള്‍.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് വേണ്ടി ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 17നായിരുന്നു ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024ന്റെ തുടക്കത്തില്‍ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍ (ഡയറക്ടര്‍), പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് : മെല്‍വി ജെ., പി.ആര്‍.ഒ: ശബരി.

Content Highlight: Fanmade posters of bramayugam goes viral on social media