| Saturday, 4th May 2019, 1:32 pm

ഫോനി ബംഗ്ലാദേശില്‍; മരിച്ചത് 12 പേര്‍; കാറ്റ് വൈകീട്ട് നാലുമണിവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ഫോനി ചുഴലിക്കാറ്റ് വിതച്ച കെടുതിയില്‍ ബംഗ്ലാദേശില്‍ മരിച്ചത് 12 പേര്‍. ഇന്ന് വൈകീട്ട് നാലുമണിവരെ ഫോനിയുടെ സാന്നിധ്യം ബംഗ്ലാദേശിലുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ഷംസുദ്ദീന്‍ അഹമ്മദ് അറിയിച്ചു.

ഇന്നു രാവിലെയോടെയാണ് ധാക്കയുടെ കിഴക്കുഭാഗത്ത് ഫോനി വീശിയടിച്ചത്. മരിച്ചവരില്‍ രണ്ടുവയസ്സുള്ള കുട്ടിയും ഉള്‍പ്പെടും.

ഒഡിഷയിലും തുടര്‍ന്ന് ബംഗാളിലും ഫോനിയെത്തിയതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യ മുസ്‌ലിങ്ങളെ സുരക്ഷിതമേഖലകളിലേക്കു മാറ്റാനുള്ള നടപടികള്‍ ഐക്യരാഷ്ട്രസഭ സ്വീകരിച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. രാജ്യത്തെ 19 ജില്ലകളിലായി 25 ലക്ഷം പേരെയാണു വെള്ളിയാഴ്ച 4,071 അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ധാക്കയില്‍ വീശിയ ഏറ്റവും ശക്തമായ കാറ്റാണ് ഫോനി.

നാവികസേന, പോലീസ്, തീരദേശസേന, അഗ്നിരക്ഷാസേന, പ്രാദേശികപ്രതിനിധികള്‍, ജില്ലാ ഭരണകൂടം എന്നിവരെ ചേര്‍ത്തു ചുഴലിക്കാറ്റിനെ നേരിടാനുള്ള സംഘം വെള്ളിയാഴ്ച രൂപീകരിച്ചിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു ഇന്നലെ രാവിലെഎട്ടുമണിയോടെ ഒഡിഷ തീരത്തെത്തിയത്. കാറ്റിലും മഴയിലും പെട്ട് ഇതുവരെ എട്ടുപേര്‍ മരിച്ചുകഴിഞ്ഞു.

11 ലക്ഷത്തോളം പേരെ ബാധിച്ച കനത്ത മഴയില്‍ പുരിയടക്കമുള്ള സ്ഥലങ്ങള്‍ ഏറെക്കുറേ വെള്ളത്തിലായി.

ഒഡിഷ തീരത്ത് 175 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റെത്തിയത്.

തീരദേശസേന 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാതീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയനഗരം, വിശാഖപട്ടണം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ഫോനിയുടെ പ്രഭാവം അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കടല്‍ ക്ഷോഭത്തിനു പുറമേ കനത്ത മഴയും ആന്ധ്രാ, ബംഗാള്‍ തീരങ്ങളിലുണ്ട്.

We use cookies to give you the best possible experience. Learn more