ഭുബനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് കിഴക്കന്‍ തീരപ്രദേശത്തേക്കടുത്ത സാഹചര്യത്തില്‍ ഒഡീഷയിലെ തീരപ്രദേശങ്ങളിലെ എട്ടു ലക്ഷം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ മാറ്റിപ്പാര്‍പ്പിക്കലായിരിക്കുമിത്.
തീവ്രസ്വഭാവമുള്ള കാറ്റിന്റെ വിഭാഗത്തില്‍ പെടുത്തിയ ഫോനി വെള്ളിഴാഴ്ച ഉച്ചയോടെ ഒഡീഷ തീരത്തെ ഗോപാല്‍പുരിനും ചന്ദ്ബാലിക്കും ഇടയിലെ പ്രദേശത്തൂടെ കടന്ന് പോകുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 170 മുതല്‍ 180 കിലോമീറ്റര്‍ വേഗതിയിലാണ് ഫോനി സഞ്ചരിക്കുന്നതെന്നും, ഇത് 200 കിലോമീറ്റര്‍ വരെ ആകാമെന്നും 11:30 ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
കാറ്റ് ഏറ്റവും ബാധിക്കാന്‍ സാധ്യതയുള്ള താഴ്ന്ന് കിടക്കുന്ന തീരപ്രദേശങ്ങളില്‍ നിന്നായി ആളുകളെ 880 കേന്ദ്രങ്ങളിലേക്കാണ് മാറ്റിയതെന്ന് സ്‌പെഷ്യല്‍ റിലീപ് കമ്മീഷനര്‍ ബി.പി സേതി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആളുകളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിക്കുമെന്നും സേതി പറഞ്ഞു.
ഒഡീഷയിലെ 14 ജില്ലകളെ ഫോനി ബാധിക്കുമെന്നാണ് കരുതുന്നത്. ആന്ധ്ര പ്രദേശിന്റെയും തമിഴ്‌നാടിന്റേയും ചില ഭാഗങ്ങളിലും ഫോനി ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വിലയിരുത്തി. ഗര്‍ഭിണികളായ സ്ത്രീകളേയും, കുട്ടികളേയും, പ്രായമായവരേയും, ഭിന്നശേഷിക്കാരേയും പ്രശ്‌നബാധിത മേഖലകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു.