| Friday, 3rd May 2019, 11:49 am

ഒഡിഷ തീരത്ത് ഫോനി വീശിയത് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍; കാറ്റ് ബംഗാളിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡിഷ തീരത്ത് ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചത് മണിക്കൂറില്‍ 240-245 കിലോമീറ്റര്‍ വരെ വേഗത്തില്‍. ഭുവനേശ്വറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 175 കിലോമീറ്ററായി ഉയര്‍ന്നു. ഇപ്പോള്‍ കാറ്റ് ബംഗാള്‍ ഭാഗത്തേക്കു നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒഡിഷ തീരത്ത് രാവിലെ ഒമ്പത് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചിരുന്നു. ഒഡിഷയിലെ ആയിരത്തോളം ഗ്രാമങ്ങളെയും 54 നഗരങ്ങളെയുമാണു കാറ്റ് ബാധിച്ചത്.

ഒഡിഷയ്ക്കു പുറമേ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേതന്നെ ഒഡിഷയിലെ 15 ജില്ലകളില്‍ നിന്നായി 12 ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

ബംഗാളില്‍ 90-100 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് പിന്നീട് ബംഗ്ലാദേശിലേക്കു നീങ്ങും.

ഒഡിഷയില്‍ 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 12 ലക്ഷത്തോളം പേരെയാണ് വീടുകളില്‍ നിന്നുമാറ്റി അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തരപ്രതികരണ സേനയുടെ 78 സംഘങ്ങളെയും സംസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more