ഒഡീഷയില്‍ വന്‍നാശം വിതച്ച് ഫോനി; മൂന്നു മരണം, പുരി വെള്ളത്തിനടിയില്‍, 1000 കോടിയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചു
cyclone fani
ഒഡീഷയില്‍ വന്‍നാശം വിതച്ച് ഫോനി; മൂന്നു മരണം, പുരി വെള്ളത്തിനടിയില്‍, 1000 കോടിയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 6:58 pm

ഭുവനേശ്വര്‍: ഒഡീഷാ തീരത്ത് വീശിയടിച്ച ഫോനി ചുഴലിക്കാറ്റില്‍ മൂന്ന് മരണം. 175 കിലോമീറ്റര്‍ വേഗതയിലാണ് പുരി തീരത്ത് കാറ്റ് വീശുന്നത്. കാറ്റിന്റെ തീവ്രത കുറഞ്ഞ് ഒഡീഷ തീരത്തു നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങും. 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി.

രണ്ട് സ്ത്രീകളും ഒരു വിദ്യാര്‍ഥിയുമാണ് ഇതുവരെ മരിച്ചത്. പുരിയില്‍ മരം വീണാണ് വിദ്യാര്‍ഥി മരിച്ചത്. കെട്ടിടത്തില്‍ നിന്ന് കാറ്റെടുത്തുകൊണ്ടുപോയ കോണ്‍ക്രീറ്റ് കട്ട വീണ് നായഗഢ് ജില്ലയില്‍ ഒരു സ്ത്രീ മരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മൂന്നാമത്തെ മരണം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് 1000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. ആദ്യഘഡുവായാണ് ഈ തുക അനുവദിച്ചതെന്ന് മോദി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുരിയൂടെ ഭൂരിഭാഗം മേഖലകളും ശക്തമായ മഴയില്‍ വെള്ളത്തിനടിയിലായി.

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, 11ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ 600 ഗര്‍ഭിണികളുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.

ഫോാനിയുടെ ദിശ 100 കിലോമീറ്റര്‍ വേഗതയില്‍ ബംഗാള്‍ തീരത്തേക്കും അവിടെ നിന്നും ബംഗ്ലാദേശിലേക്കും നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാവിലെ എട്ട് വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. കൊല്‍ക്കത്തയില്‍ നിന്നുള്ള 200ഓളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ആന്ധ്രാതീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയനഗരം, വിശാഖപട്ടണം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ഫോനിയുടെ പ്രഭാവം അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കടല്‍ ക്ഷോഭത്തിനു പുറമേ കനത്ത മഴയും ആന്ധ്രാ, ബംഗാള്‍ തീരങ്ങളിലുണ്ട്.