തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അടുത്ത രണ്ടു ദിവസങ്ങളിലും കനത്ത മഴയ്ക്കു സാധ്യത. പല ജില്ലകളിലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വ വരെയാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ചെന്നൈയില്‍നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ചയോടെ തമിഴ്‌നാട്, ആന്ധ്ര തീരത്തേക്കടുക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം
മത്സ്യത്തൊഴിലാളികള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോടു ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും പോകാന്‍ പാടില്ല. ഈസമയം തീരം പ്രക്ഷുബ്ധമായതിനാല്‍ കേരളാ തീരത്തും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലേക്കു പോകാതെ ഏറ്റവും അടുത്തുള്ള തീരത്തേക്കെത്തണം.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം
- കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.
- മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ചാലുകള്‍ക്കരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.
- മലയോര മേഖലയിലും ബീച്ചുകളിലും വിനോദസഞ്ചാരത്തിനു പോകാതിരിക്കുക.
- കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.
- ഒരുകാരണവശാലും നദികളും ചാലുകളും മുറിച്ചുകടക്കാന്‍ ശ്രമിക്കരുത്.
- പാലങ്ങളിലും നദിക്കരകളിലും മറ്റും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കാതിരിക്കുക.
- പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് അവിടേക്ക് ഇറങ്ങാതിരിക്കുക. കുട്ടികള്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുക. നദിയില്‍ കുളിക്കുന്നതും തുണിയലക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.
- കാറ്റിന്റെ സാഹചര്യത്തില്‍ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.
- മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടാതിരിക്കുക.
- നദിക്കരയോടു ചേര്‍ന്നു താമസിക്കുന്നവരും മുന്‍കാലങ്ങളിലും വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും എമര്‍ജന്‍സി കിറ്റുണ്ടാക്കി സൂക്ഷിക്കുക.
- പ്രധാനരേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വെള്ളം കയറാത്തതും എളുപ്പം എടുക്കാന്‍ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക.
- ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ലെന്നും വീട്ടിലുള്ളവര്‍ക്കു നിര്‍ദേശം നല്‍കുക.
- ടി.വിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
- ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍ 1077 ആണ്. ജില്ലയ്ക്കു പുറത്തുനിന്നാണു വിളിക്കുന്നതെങ്കില്‍ അതാതു ജില്ലകളുടെ എസ്.ടി.ഡി കോഡ് ചേര്‍ക്കുക.
- പഞ്ചായത്ത് അധികൃതരുടെ ഫോണ്‍ നമ്പര്‍ കൈയില്‍ സൂക്ഷിക്കുക.
- വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോസ കുട്ടികളോ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യം അവരെ മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമുണ്ടെങ്കില്‍ ഇവരെ സംബന്ധിച്ച വിവരം സാമൂഹികനീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
- വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയോ അതിനു കഴിഞ്ഞില്ലെങ്കില്‍ കെട്ടഴിച്ചുവിടുകയോ ചെയ്യുക.