| Monday, 18th May 2020, 10:21 pm

നിഗൂഡമായി കിടക്കുന്ന വുഹാനില്‍ നിന്നൊരു ഡയറി, ചൈനീസ് എഴുത്തുകാരിയുടെ കൊവിഡ് കാല കുറിപ്പുകള്‍ വിവാദമാവുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംങ്: ചൈനയിലെ വുഹാനില്‍ നിന്നുള്ള അവാര്‍ഡ് ജേതാവായ എഴുത്തുകാരിയായ ഫാങ് ഫാങ് ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കം തൊട്ടേ വുഹാനിലുള്ള ഈ എഴുത്തുകാരി ആ പ്രതിസന്ധി ഘട്ടത്തില്‍ എഴുതിയ ഡയറിക്കുറിപ്പുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ 65 കാരിയുടെ ഡയറിക്കുറിപ്പുകള്‍ ചൈനയില്‍ ലക്ഷക്കണക്കിന് പേരാണ് ഇതിനകം വായിച്ചത്.

കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനെ പറ്റി പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നതിനാലും മാധ്യമങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാലും കൊവിഡ് കാലത്തെ വുഹാനെ പറ്റി ഇവര്‍ എഴുതിയ കുറിപ്പുകള്‍ക്ക് വന്‍ ജന പ്രീതിയാണുണ്ടായിരിക്കുന്നത്.

ഇപ്പോള്‍ ഇവരുടെ കുറിപ്പുകളുടെ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്.

ജനുവരിയില്‍ വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം തന്റെ ജീവിതം എങ്ങനെ പോവുന്നെന്നും മാനസികമായി കടന്നു പോവുന്ന അവസ്ഥകളും നിര്‍ബന്ധിത ഐസൊലേഷന്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുമാണ് ഡയറിയില്‍ പറഞ്ഞത്.

ഒപ്പം അധികൃതരുടെ അധികാര ദുര്‍വിനിയോഗവും, സാമൂഹ്യ അസമത്വവും എല്ലാം ഇവര്‍ ഡയറിയില്‍ കുറിച്ചു.

എന്നാല്‍ ഡയറിയിലെ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. പാശ്ചാത്യ ശക്തികള്‍ക്ക് ചൈനയെ വിമര്‍ശിക്കാന്‍ ആയുധങ്ങള്‍ നല്‍കുന്നു എന്നാണ് ചില ചൈനീസ് പൗരന്‍മാര്‍ പറയുന്നത്.

ഒപ്പം ഇവരുടെ ഡയറിയുടെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍ ഒരു അമേരിക്കന്‍ പ്രസാധക കമ്പനിയാണ്. ചൈനയും അമേരിക്കയും തമ്മില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പുസ്തകം ചൈനയ്‌ക്കെതിരായി ഉപയോഗിക്കപ്പെടുമെന്നാണ് വിമര്‍ശനം.

ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഉള്‍പ്പെടെ ഇവരുടെ ഡയറിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ ഡയറി വുഹാന്റെ ഇരുണ്ട ഭാഗങ്ങള്‍ മാത്രം വെളിവാക്കുന്നെന്നും കൊവിഡ് പ്രതിരോധത്തിനായ എടുത്ത പരിശ്രമങ്ങളെ അവഗണിക്കുന്നെന്നുമാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. അതേ സമയം വുഹാനിലെ അവസ്ഥകളെ പറ്റിയുള്ള യാഥാര്‍ത്ഥ്യം തുറന്നുകാട്ടാന്‍ ഇവരെ പോലുള്ളവര്‍ വേണമെന്നും അഭിപ്രായമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more