വിക്കറ്റിന് പിന്നില്‍ 'ധോണി'യായി സഞ്ജു സാംസണ്‍; വേള്‍ഡ് ക്ലാസ് കീപ്പിങ് എന്ന് ഫാന്‍ കോഡ്
Sports News
വിക്കറ്റിന് പിന്നില്‍ 'ധോണി'യായി സഞ്ജു സാംസണ്‍; വേള്‍ഡ് ക്ലാസ് കീപ്പിങ് എന്ന് ഫാന്‍ കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th July 2022, 10:15 am

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ റണ്‍മല ഇന്ത്യന്‍ ബാറ്റര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ മുമ്പില്‍ തകര്‍ന്നടിയുകയായിരുന്നു.

വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധസെഞ്ച്വറിയും ഓപ്പണര്‍ ഗില്ലിന്‍റെ മികച്ച പ്രകടനവുമാണ് ഇന്ത്യയ്ക്ക് തുണയായത്.

വിന്‍ഡീസ് ബാറ്റര്‍ ഷായ് ഹോപ്പിന്റെയും ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്റെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കരീബിയന്‍സ് കെട്ടിയുയര്‍ത്തിയ 311 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങ്ങില്‍ മങ്ങിയ സഞ്ജു രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ കത്തിക്കയറിയിരുന്നു. ഇതിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലെ തന്റെ മാജിക് രണ്ടാം മത്സരത്തിലും താരം തുടര്‍ന്നിരുന്നു.

ഇന്ത്യയുടെ വിജയത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്ന് സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് തന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം.

ആദ്യ മത്സരത്തിലെ അവസാന ഓവറില്‍ സഞ്ജുവിന്റെ ആക്രോബാക്ടിക് സേവ് ഇല്ലായിരുന്നുവെങ്കില്‍ സിറാജിന്റെ വൈഡ് ബൗണ്ടറിയിലെത്തുമെന്നും ഇന്ത്യ തോല്‍ക്കുമെന്നും ഉറപ്പായിരുന്നു. അതിന് സമാനമായ ക്ലാസിക് പ്രകടനം തന്നെയാണ് സഞ്ജു രണ്ടാം ഏകദിനത്തിലും പുറത്തെടുത്തത്.

സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ്ങിന് പ്രശംസിച്ച് മത്സരത്തിന്റെ ലൈവ് സ്ട്രീമറായ ഫാന്‍ കോഡും രംഗത്തെത്തിയിരുന്നു. മത്സരത്തിനിടെയുള്ള സഞ്ജുവിന്റെ കീപ്പിങ് സ്‌കില്ലുകള്‍ ഉള്‍പ്പെട്ട വീഡിയോ പങ്കുവെച്ചായിരുന്നു ഫാന്‍ കോഡ് താരത്തെ അഭിനന്ദിച്ചത്.

‘ആബ്‌സല്യൂട്ട് വേള്‍ഡ് ക്ലാസ് വിക്കറ്റ് കീപ്പിങ് ഫ്രം സഞ്ജു സാംസണ്‍’ എന്നാണ് ഫാന്‍ കോഡ് സഞ്ജുവിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. നിര്‍ണായകമായ പല റണ്‍സ് സേവ് ചെയ്യാന്‍ താരത്തിനായെന്നും ഫാന്‍ കോഡ് പറയുന്നു.

വിക്കറ്റ് കീപ്പിങ്ങില്‍ മാത്രമായിരുന്നില്ല, തന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി കൂടി നേടിയാണ് സഞ്ജു കഴിഞ്ഞ മത്സരത്തിലെ ഷോ സ്റ്റീലറായത്. 51 പന്തില്‍ നിന്നും 54 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

രണ്ടാം ഇന്നിങ്‌സിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്കായി. മൂന്നാം ഏകദിനത്തിലും വിജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാനാവും ഇന്ത്യ ശ്രമിക്കുന്നത്.

ജൂലൈ 29നാണ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം. ഓവല്‍ തന്നെയാണ് വേദി.

 

Content Highlight: Fancode praises Sanju Samson’s wicket keeping skills