| Tuesday, 17th October 2023, 4:44 pm

'ബാക്കി അവര്‍ കളിച്ചോളും, നമ്മക്ക് സെല്‍ഫി എടുക്കാ'; മത്സരത്തിനിടെ റോണോക്കരികില്‍ ഓടിയെത്തി ആരാധകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ യോഗ്യത മത്സരത്തിൽ പോർച്ചുഗൽ ബോസ്നിയയെ തോൽപ്പിച്ചു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ മിന്നും ജയം. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളും ഒരു അസിസ്റ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

മത്സരത്തിനിടെ റൊണാൾഡോയോടൊപ്പം സെൽഫി എടുക്കാൻ എത്തുന്ന ഒരു ആരാധകന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മത്സരത്തിന്റെ 38ാം മിനിട്ടിൽ ആയിരുന്നു സംഭവം നടന്നത്. റൊണാൾഡോ ത്രോ എടുക്കാൻ വേണ്ടി തയ്യാറായി നിൽക്കുന്ന സമയത്ത് ആയിരുന്നു ആരാധകൻ റൊണാൾഡോയുടെ അടുത്തേക്ക് ഓടിയെത്തിയത്. സൂപ്പർ താരത്തിനൊപ്പം ഒരു സെൽഫി എടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരാധകൻ ഗ്രൗണ്ടിലേക്ക് വന്നത്. എന്നാൽ ഗ്രൗണ്ട് സെക്യൂരിറ്റി സ്റ്റാഫുകൾ അയാളെ പിടിച്ചു മാറ്റുകയായിരുന്നു. ആ കൂട്ടപൊരിച്ചിലിനിടയിൽ റൊണാൾഡോക്ക് കാലുകൾക്ക് പരിക്ക് സംഭവിച്ചു താരം വേദനകൊണ്ട് നടന്നുനീങ്ങുകയുമാണ്‌ ചെയ്തത്.

ബോസ്‌നിയയുടെ ഹോം ഗ്രൗണ്ടായ ബില്ലിനോ പോൽജെയിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റൊണാൾഡോയാണ് ഗോളടിമേളക്ക് തുടക്കം കുറിച്ചത്. 20ാം മിനിട്ടിൽ റോണോ തന്റെ രണ്ടാം ഗോളും നേടി.

ബ്രൂണോ ഫെർണാണ്ടസ് (25′), ജാവോ കാൻസെലോ (32′), ജാവോ ഫെലിക്സ് (41) തുടങ്ങിയവർ ഗോൾ നേടിയതോടെ പോർച്ചുഗൽ 5-0ത്തിന്റെ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ നേടിയ ഇരട്ടഗോളോടെ 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി. 40 ഗോളുകൾ നേടിക്കൊണ്ടായിരുന്നു റൊണാൾഡോയുടെ മുന്നേറ്റം. യൂറോ ക്വാളിഫയറിൽ ഏഴ് മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളുകൾ നേടികൊണ്ട് യൂറോ ടോപ്പ് സ്‌കോറർ ആവാനും സൂപ്പർ താരത്തിന് സാധിച്ചു. പോർച്ചുഗലിനായി 203 മത്സരങ്ങളിൽ നിന്നും 127 ഗോളുകളാണ് റൊണാൾഡോ നേടിയത്.

സ്ലോവാക്യക്കെതിരെയുള്ള ജയത്തോടെ റോണോയും കൂട്ടരും നേരത്തേ യൂറോ ചാമ്പ്യൻഷിപ്പിനുള്ള ടിക്കറ്റ് സ്വന്തമാക്കിയിരുന്നു.

Content Highlight: Fan tries to take selfie with Cristiano Ronaldo during Euro qualifier

We use cookies to give you the best possible experience. Learn more