അപ്രതീക്ഷിതമായി വന്ന സോഷ്യല്‍ മീഡിയയെ പഞ്ഞിക്കിട്ടിരിക്കുകയാണ് എമ്പുരാന്‍. ആരുടെയോ അശ്രദ്ധകൊണ്ട് ട്രെയ്‌ലര്‍ ലീക്കായതിന് പിന്നാലെ, പറഞ്ഞതിനും ഒരുദിവസം മുമ്പ് അണിയറപ്രവര്‍ത്തകര്‍ക്ക് ട്രെയ്‌ലര്‍ പുറത്തിറക്കേണ്ടി വന്നു. യാതൊരു അറിയിപ്പുമില്ലാതെ വന്നെങ്കിലും സോഷ്യല്‍ മീഡിയില്‍ അപാര റെസ്‌പോണ്‍സാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.
മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ പൃഥ്വിരാജ് എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. ഖുറേഷി അബ്രാം എന്ന അണ്ടര്‍വേള്‍ഡ് നെക്‌സസ് തലവനായും സ്റ്റീഫന്‍ നെടുമ്പള്ളിയായും മോഹന്‍ലാല്‍ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അതോടൊപ്പം ചര്‍ച്ചയാകുന്നത് ട്രെയ്‌ലറില്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളാണ്.
ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ സ്റ്റീഫന്‍ കേരളത്തിന്റെ ഭരണം ജതിന്‍ രാംദാസിനെ ഏല്പ്പിച്ചിട്ടാണ് പോകുന്നത്. ദൈവപുത്രന്‍ എന്നാണ് സ്റ്റീഫന്‍ ജതിനെ ലൂസിഫറില്‍ വിശേഷിപ്പിച്ചത്. പി.കെ. രാംദാസിനെ ദൈവമായും ഒരു സീനില്‍ സ്റ്റീഫന്‍ ഉപമിക്കുന്നുണ്ട്. എമ്പുരാന്റെ ട്രെയ്‌ലറില്‍ ‘ദൈവപുത്രന്‍ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെയാണ് ആശ്രയിക്കുക’ എന്നൊരു ഡയലോഗ് ഖുറേഷി അബ്രാം പറയുന്നുണ്ട്.
ഇതെല്ലാം സൂചിപ്പിക്കുന്നത് എമ്പുരാനില്‍ ജതിന്‍ രാംദാസ് വില്ലന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇത് മൂലം കേരളത്തിലെ രാഷ്ട്രീയം പ്രതിസന്ധിയിലാകുമെന്നൊക്കെയാണ്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പ്രിയദര്‍ശിനിക്കെതിരെ പോലും ജതിന്‍ പ്രവര്‍ത്തിക്കുമെന്നുള്ള സൂചന ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ ചെകുത്താന് നേരിട്ട് പ്രത്യക്ഷപ്പെടേണ്ടി വരുമെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.
ഒരിക്കല്‍ ഊരിവെച്ച രാഷ്ട്രീയക്കുപ്പായം സ്റ്റീഫന്‍ വീണ്ടും അണിയുമ്പോള്‍ എതിരാളികളായി വലിയ കക്ഷികള്‍ അണിനിരക്കുമെന്നും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. സുരാജ് അവതരിപ്പിക്കുന്ന സജനചന്ദ്രന്‍ എന്ന കഥാപാത്രവും എമ്പുരാനില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായാണ് സുരാജ് വേഷമിടുന്നത്.
ഇതോടൊപ്പം പൃഥ്വി സര്‍പ്രൈസക്കി വെക്കുന്ന കഥാപാത്രത്തെച്ചൊല്ലിയും ചര്‍ച്ചകള്‍ തകൃതിയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന കഥാപാത്രം ആരാകുമെന്ന് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മമ്മൂട്ടിയാണെന്ന് ചിലര്‍ പറയുമ്പോള്‍ ഫഹദ് ഫാസിലാണെന്ന് ചിലര്‍ അവകാശപ്പെടുന്നു.
ഹോളിവുഡ് താരം ഡോണി യെന്‍ ആണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. ഗെയിം ഓഫ് ത്രോണ്‍സിലെ ശക്തമായ വേഷം ചെയ്ത ജെറോം ഫ്‌ളിന്നിനെ കൊണ്ടുവന്ന പൃഥ്വിക്ക് ഡോണിയെ കൊണ്ടുവരാന്‍ വലിയ പാട് പെടേണ്ടി വരില്ലെന്നും ചിലര്‍ പറയുന്നു. പൃഥ്വിരാജ്- മോഹന്‍ലാല്‍ കോമ്പോ സീനുകള്‍ക്ക് കാത്തിരിക്കുന്നവരും കുറവല്ല.
ഗുജറാത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സയേദ് മസൂദ് എങ്ങനെ ഖുറേഷി അബ്രാമിന്റെ വലംകൈയായി മാറിയെന്നും ചിത്രം പറയുന്നുണ്ട്. ഗുജറാത്ത് കലാപം ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാഗതിയായി മാറുമെന്നും തിയറികളുണ്ട്. പൃഥ്വിരാജ് എന്തൊക്കെ സര്‍പ്രൈസുകളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Fan theories spreading after Empuraan trailer release