പ്രിയപ്പെട്ട സഞ്ജു, കഴിഞ്ഞ മത്സരത്തിലെ തോല്‍വിയിലും നിന്നെ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു.
മൃതശരീരത്തില്‍ ഓട്ടോപ്‌സി നടത്തുന്നത് പോലെ, മത്സരഫലം അനുസരിച്ച് പോസ്റ്റ് ഫാക്ട്‌ടോ അനാലിസിസ് നടത്തുന്ന വിദഗ്ദന്‍മാര്‍ നിന്റെ ക്യാപ്റ്റന്‍സിയെ കീറിമുറിച്ച് വിമര്‍ശിക്കുമായിരിക്കും.
വേരിയബിള്‍ ബൗണ്‍സുള്ള പിച്ചില്‍, ഒരു ഹൈ പ്രെഷര്‍ മാച്ചില്‍, ജോസ് ബട്‌ലര്‍ എന്ന ഒറ്റ ഗ്യാരന്റീഡ് ബാറ്ററുടെ ബലത്തില്‍, ഗുജറാത്ത് ബൗളിംഗ് നിരയ്ക്കെതിരെ ചെയ്‌സ് ചെയ്യുന്നതിനേക്കാള്‍, വിശ്വാസമുള്ള ഒരു ബൗളിംഗ് നിരയുമായി സ്‌കോര്‍ ഡിഫെന്‍ഡ് ചെയ്യുന്നതാണ് നല്ലത് എന്ന് നീ കരുതിയെങ്കില്‍, നിന്റെ ആ ബോധ്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു.
കുറച്ചൂ കൂടി ഉത്തരവാദിത്തബോധത്തോടെ നിന്റെ ബാറ്റര്‍മാര്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍, ബോള്‍ട്ടിന് വേണ്ടി കൃത്യമായി നീ സ്‌ക്വയര്‍ ലെഗ്ഗില്‍ പ്ലേസ് ചെയ്ത ചഹല്‍, തുടക്കത്തിലെ ഗില്‍ നല്‍കിയ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍….
83 ഫൈനലിലെ കപിലിനെപ്പോലെ ഓടി ഹെറ്റ്‌മെയര്‍ ഗില്‍ നല്‍കിയ രണ്ടാമത്തെ അവസരം കൈപ്പിടിയില്‍ ഒതുക്കിയിരുന്നുവെങ്കില്‍….
രണ്ടാം പകുതിയിലേക്ക് മാറ്റി നിര്‍ത്തിയ അശ്വിന്‍ പ്രതീക്ഷയ്‌ക്കൊത്തു ബൗള്‍ ചെയ്തിരുന്നെങ്കില്‍…
ഒരുപക്ഷെ, ഈ ഫൈനല്‍ നിന്റെതാവുമായിരുന്നു എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു….
ദശകോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ദൈവം തമ്പുരാന്റെ ബക്കിന്‍ഹാം കൊട്ടാരത്തിന്റെ മട്ടുപാവിലിരുന്ന്, ഡീഗോ മറഡോണയുടെ കൈപിടിച്ചു കൊണ്ട്, ഓള്‍ഡ് ട്രാഫോര്‍ഡില്‍ മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് തെറിച്ചപ്പോള്‍ ആ ചുണ്ടില്‍ വിടര്‍ന്ന അതെ ചിരി ചിരിച്ചു കൊണ്ട് നല്ല ഓസ്‌ട്രേലിയന്‍-ഇംഗ്ലീഷിന്റെ ചുവയുള്ള സ്പാനിഷ് ഭാഷയില്‍ വോണി അഭിമാനത്തോടെ പറയുന്നുണ്ടാവും,
‘Deigo, Mi chico ha hecho todo lo posible’
‘ഡീഗോ, എന്റെ ചെറുക്കന്‍ നന്നായി ശ്രമിച്ചെടോ’
Content Highlight: Fan’s writeup after Rajasthan Royals’s loss in IPL Final