ഗോവയില്‍ തങ്ങളുടെ കന്നിക്കിരീടം ലക്ഷ്യമിട്ട് പോരാട്ടത്തിനിറങ്ങുമ്പോള്‍ മഞ്ഞപ്പടയൊന്നാകെ ആവേശത്തിലാണ്. പ്രായഭേദമന്യേ കൊമ്പന്‍മാരുടെ വിജയത്തിനായാണ് എല്ലാ ആരാധകരും ഒരു പോലെ പ്രാര്‍ത്ഥിക്കുന്നത്.
ഇപ്പോഴിതാ കൊമ്പന്‍മാരുടെ കടുത്ത ആരാധകന്റെ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ഫൈനലില്‍ സഹല്‍ ഗോള്‍ അടിക്കണമെന്നും, സഹല്‍ ഗോളടിച്ചപ്പോഴൊക്കെ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചിട്ടുണ്ടെന്നുമാണ് യുവത്വത്തിന്റെ പ്രസരിപ്പുള്ള 70 കാരന്‍ പറയുന്നത്.
‘സഹലാണടിക്കേണ്ടത്, സഹലടിച്ചാല്‍ കളി ജയിച്ചു. സഹലിന്റെ ഗോളിലാണ് എല്ലാ കളികളും ജയിച്ചിട്ടുള്ളത്. സഹല്‍ ഗോളടിച്ച കളികള്‍ ഒന്നും തന്നെ തോറ്റിട്ടില്ല. നല്ല ചെക്കനാണ്,’ കോഴിക്കോട് പുതിയറ സ്വദേശി ഹരിഹരന്‍ പറയുന്നു.
ഗോളികളില്‍ ബെസ്റ്റ് ടി.പി രഹനേഷാണെന്നും, എന്നാല്‍ ഇപ്പോഴുള്ള ഗില്‍ നല്ല ഗോളിയാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, സഹല്‍ ഫൈനല്‍ മാച്ചില്‍ കളിക്കുക്കുമോ എന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. പ്ലേ ഓഫിന്റെ ഒന്നാം പാദത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് താരം പിന്നീടുള്ള മത്സരങ്ങള്‍ കളിച്ചിരുന്നില്ല.
അതേസമയം, ഫൈനലില്‍ ഹൈദരാബാദിനെ നേരിടാനിറങ്ങുന്നതിന് മുമ്പായി പല ബാക്ക് അപ് പ്ലാനുകളും ബ്ലാസ്റ്റേഴ്സിന്റെ പാളയത്തില്‍ അരങ്ങേറുന്നുണ്ട്. സഹലിന്റെ അഭാവം തങ്ങള്‍ക്ക് മറി കടക്കാനാവുമെന്നും, അതിനുള്ള പ്ലാന്‍ ബി തയ്യാറാക്കുന്നുണ്ടെന്നുമായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്സ് താരവും ടീമിന്റെ സഹപരിശീലകനുമായി ഇഷ്ഫാഖ് അഹമ്മദ് പറയുന്നത്.
‘ഫൈനലില്‍ സഹല്‍ കളിക്കാനില്ലെന്നത് ടീമിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വലിയൊരു നഷ്ടം തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവം നികത്താന്‍പോന്ന താരങ്ങള്‍ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ബെഞ്ചിലുണ്ട്.
കൊവിഡ് സമയത്തും, തങ്ങളുടെ പല പ്രധാന താരങ്ങള്‍ക്ക് പരിക്ക് പറ്റിയപ്പോഴും അക്കാര്യം എല്ലാവരും കണ്ടതാണ്. സഹല്‍ കളിക്കാനിടയില്ലെങ്കിലും അദ്ദേഹത്തിന്റെ അഭാവം മറികടക്കാന്‍ പോന്ന പ്രകടനങ്ങള്‍ മറ്റ് താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് വിശ്വാസം,’ ഇഷ്ഫാഖ് പറയുന്നു.
ജംഷഡ്പൂരിനെതിരായ രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തില്‍ നിഷു കുമാറായിരുന്നു സഹലിന് പകരക്കാരനായി ബൂട്ടുകെട്ടിയത്. ആദ്യ പാദത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു ടീമിനെയായിരുന്നു വുകോമനൊവിച്ച് മൈതാനത്ത് വിന്യസിച്ചത്.
മത്സരത്തിന്റെ ആദ്യ പാദത്തില്‍ സഹല്‍ നേടിയ വണ്ടര്‍ ഗോളായിരുന്നു ബ്ലാസ്റ്റേഴ്സിന് ഫൈനലിലേക്കുള്ള വഴി തുറന്നത്. രണ്ടാം പാദം സമനിലയായെങ്കിലും, 2-1 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കൊല്‍ക്കത്തയോട് പരാജയപ്പെടാനായിരുന്നു വിധി. മൂന്നാം തവണ ഫൈനലിലെത്തി നില്‍ക്കുമ്പോള്‍, അതേ കൊല്‍ക്കത്തയെ തോല്‍പിച്ചാണ് ഹൈദരാബാദ് ഫൈനലിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
Content Highlight: Fan of Kerala Blasters says Sahal should score, ISL Manjappada