ലോകകപ്പ് സെമി മത്സരത്തിന് മുമ്പായുള്ള പരിശീലനത്തിനിടെ ഗ്രൗണ്ടില്‍ നിന്നുവന്ന
പന്ത് ദേഹത്ത് തട്ടി അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലെ ഗ്യാലറിയിലുണ്ടായിരുന്ന ആരാധകന് പരിക്ക്.
മൊറോക്കൊ- ഫ്രാന്‍സ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഫ്രഞ്ച് സൂപ്പര്‍താരം എംബാപ്പെയുടെ ഷോട്ട് ദേഹത്ത് പതിച്ചാണ് കാണികളിലൊരാള്‍ക്ക് പരിക്കേറ്റത്.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പന്ത് കാണിയുടെ ദേഹത്ത് തട്ടിയെന്ന് മനസിലാക്കിയ എംബാപ്പെ ഉടന്‍ തന്നെ പരിക്കേറ്റയാളുടെ അടുത്തേക്ക് ഓടി പോവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി ആശ്വസിപ്പിച്ച ശേഷമാണ് താരം പരീശീലനം തുടര്‍ന്നത്.
അതേസമയം, മൊറോക്കൊക്കെതിരായ ലോകകപ്പ് സെമിയിലെ ആദ്യ പകുതി പിന്നിടുമ്പോള്‍ ഫ്രാന്‍സ് മുന്നിലാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് മുന്നിട്ട് നില്‍ക്കുന്നത്.
ഫ്രാന്‍സിന്റെ പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസാണ് മൊറോക്കന്‍ പ്രതിരോധത്തെ കീഴ്പ്പെടുത്തി അഞ്ചാം മിനിട്ടില്‍ തന്നെ വല കുലുക്കിയത്. ഈ ലോകകപ്പില്‍ മൊറോക്കന്‍ പോസ്റ്റിലേക്ക് എതിരാളികള്‍ അടിച്ച ആദ്യ ഗോളാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കാനഡക്ക് മൊറോക്കൊക്കെതിരെ ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും, അത് ഓണ്‍ ഗോളായിരുന്നു.
ഗ്രൗണ്ടിന്റെ വലതു ഭാഗത്തുനിന്ന് ഗ്രീസ്മാന്‍ ഒറ്റക്ക് കൊണ്ടുവന്ന പന്ത് ബോക്‌സിനുള്ളിലേക്ക് ഓടിയെത്തിയ എംബാപ്പെക്ക് നല്‍കി. എംബാപ്പെ ഉടന്‍ പോസ്റ്റിലേക്ക് ഷോട്ട് തുടുത്തെങ്കിലും മൊറോക്കന്‍ പ്രതിരോധത്തില്‍ തട്ടി റിഫ്‌ളക്ഷനായി. ഈ പന്ത് ഓടി വന്ന തിയോ ഹെര്‍ണാണ്ടസ് വലക്കുള്ളിലെത്തിക്കുകയായിരുന്നു.