| Friday, 6th October 2023, 4:32 pm

JCB മണ്ണെടുക്കുന്നത് കാണാന്‍ ഇതിലും ആളുകള്‍ വരുമല്ലോ എന്ന് പരിഹാസം, 14ന് കാണാമെടാ എന്ന് മറുപടി; ക്രിക്കറ്റ് vs ഫുട്‌ബോള്‍ യുദ്ധം തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശമുയര്‍ന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഫുട്‌ബോള്‍ ആരാധകരും ക്രിക്കറ്റ് ആരാധകരും തമ്മിലുള്ള പോരാട്ടങ്ങളും ആരംഭിച്ചിരുന്നു.

നാലും മൂന്നും ഏഴ് രാജ്യങ്ങള്‍ കളിക്കുന്ന ടൂര്‍ണമെന്റിനെ ലോകകപ്പ് എന്ന് വിളിക്കുന്നു എന്ന പരിഹാസമാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഈ പത്ത് ടീമുകള്‍ മാത്രം ഉള്‍പ്പെടുന്ന ടൂര്‍ണമെന്റായിട്ടും ഫുട്‌ബോളിനോട് മുട്ടി നില്‍ക്കാന്‍ സാധിക്കുന്നുണ്ട് എന്നുപറഞ്ഞാണ് ക്രിക്കറ്റ് ആരാധകര്‍ ഇതിനെ ഡിഫന്‍ഡ് ചെയ്യുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്റ്റേഡിയത്തിലേക്ക് ആളുകളെത്താത്തതിന് പിന്നാലെ ക്രിക്കറ്റ് ആരാധകരെ അടിക്കാനുള്ള പുതിയ വടി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഫുട്‌ബോള്‍ ആരാധകര്‍.

ഉദ്ഘാടന മത്സരമായിരുന്നിട്ടും കളി കാണാന്‍ ഒരു പട്ടിക്കുഞ്ഞ് പോലും ഇല്ലല്ലോ എന്നും ജെ.സി.ബി മണ്ണെടുക്കുന്നത് കാണാന്‍ ഇതിലും ആളുകള്‍ കൂടുമല്ലോ എന്നുതുടങ്ങി പരിഹാസങ്ങളുടെയും വിമര്‍ശനങ്ങളുടെയും കൂരമ്പുകളാണ് കാല്‍പ്പന്തിനെ പ്രണയിച്ചവര്‍ തൊടുത്തുവിട്ടത്.

എന്നാല്‍ മത്സരത്തിന്റെ ആദ്യ സമയങ്ങളില്‍ ഇതിന് പ്രതിരോധിക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ പാടുപെട്ടിരുന്നു. നട്ടുച്ച സമയമാണ്, കൊടും ചൂടാണ്, വര്‍ക്കിങ് അവേഴ്‌സാണ് എന്നെല്ലാം പറഞ്ഞുകൊണ്ട് പിടിച്ചുനില്‍ക്കാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ അല്‍പം കഴിഞ്ഞപ്പോഴേക്കും ആളുകളെത്തിത്തുടങ്ങിയതോടെ ആവര്‍ വീണ്ടും ആവേശത്തിലായി.

ക്രിക്കറ്റ് മരിച്ചു എന്ന ഫുട്‌ബോള്‍ ആരാധകരുടെ വാദത്തെയടക്കം വിമര്‍ശിച്ചുകൊണ്ടായിരുന്നു ക്രിക്കറ്റ് ആരാധകര്‍ മടങ്ങിയെത്തിയത്.

ഒക്ടോബര്‍ 14ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഒരു സീറ്റ് പോലും ബാക്കിയാകാതെ നിറയ്ക്കാന്‍ തങ്ങള്‍ക്കാകുമെന്നായി ശേഷം അവരുടെ വെല്ലുവിളി.

ഒക്ടോബര്‍ 14നാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം അരങ്ങേറുന്നത്. ഉദ്ഘാടന മത്സരത്തിന് വേദിയായ അതേ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് ഇന്ത്യ – പാകിസ്ഥാന്‍ മാച്ചിനും വേദിയാകുന്നത്.

2022ലെയും 2023ലെയും ഐ.പി.എല്‍ മാച്ചുകളില്‍ ഈ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞെങ്കില്‍ ഇന്ത്യ – പാകിസ്ഥാന്‍ മാച്ചിന്റെ അവസ്ഥയെന്താകുമെന്ന് ഓര്‍ത്താല്‍ മതിയെന്നും ക്രിക്കറ്റ് ആരാധകര്‍ വെല്ലുവിളിക്കുന്നുണ്ട്.

അതേസമയം, മറ്റ് മത്സരങ്ങളെല്ലാം ആഘോഷമാക്കുന്നുണ്ടെങ്കിലുംഒക്ടോബര്‍ എട്ടിന് നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ലോകകപ്പിന് തൊട്ടുമുമ്പ് ഓസീസിനെതിരെ നടന്ന പരമ്പര വിജയത്തിന്റെ ആവേശവും ആത്മവിശ്വാസുമാണ് ആരാധകര്‍ക്കും ടീമിനുമുള്ളത്.

Content Highlight: Fan fight between Football and Cricket fans

We use cookies to give you the best possible experience. Learn more