| Tuesday, 19th July 2022, 7:36 pm

എന്തോ ഇയാളെ ഇഷ്ടമാണ് ആളുകള്‍ക്ക്; തെരുവില്‍ സഞ്ജുവിന്റെ ഭീമന്‍ ചിത്രം വരച്ച് ആരാധകന്‍, വീഡിയോ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഈയടുത്ത കാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറെ ഫാന്‍ ബേസ് ഉണ്ടാക്കിയെടുത്ത താരമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഒരു സമയത്ത് മലയാളികള്‍ മാത്രം ഇഷ്ടപ്പെട്ടിരുന്ന താരത്തിന് ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്.

കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തിയ സഞ്ജു, തനിക്ക് ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചിരുന്നു. ദീപക് ഹൂഡയുമൊത്ത് ടി-20യില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടുണ്ടാക്കിയായിരുന്നു സഞ്ജു കഴിവ് തെളിയിച്ചത്.

എന്നാല്‍, മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷവും ബി.സി.സി.ഐ താരത്തിന് ടീമില്‍ അവസരം നല്‍കാതെ വന്നതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സടകുടഞ്ഞെഴുന്നേറ്റത്.

ആദ്യകാലങ്ങളില്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മാത്രം ഒതുങ്ങി നിന്ന പ്രതിഷേധം ഇന്ത്യയൊട്ടാകെ ആഞ്ഞടിച്ചിരുന്നു. #JusticeForSanjuSamson എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങില്‍ ട്രെന്റിങ്ങായിരുന്നു.

ബി.സി.സി.ഐയുടെ പൊളിറ്റിക്‌സിന്റെ ഭാഗമായിട്ടാണ് ടീം സഞ്ജുവിനെ തഴയുന്നതെന്നും അയാള്‍ക്ക് ടീമില്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ, ആരാധകരുടെ മനസില്‍ സഞ്ജു എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. സഞ്ജുവിന്റെ ഭീമന്‍ ഛായാചിത്രം വരച്ചുകൊണ്ടാണ് ആരാധകര്‍ തങ്ങളുടെ സ്‌നേഹം വ്യക്തമാക്കിയത്.

ആരാണ് ചിത്രം വരച്ചതെന്നോ, എവിടെയാണ് ചിത്രമുള്ളതെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ വ്യക്തമല്ല.

രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘വിത്ത് ലവ്, ഫോര്‍ സഞ്ജു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഹി ബിഷ്‌ണോയ് (സഞ്ജു സാസംസണ്‍ ഫാന്‍) എന്ന അക്കൗണ്ടില്‍ നിന്നുമാണ് രാജസ്ഥാന്‍ റോയല്‍സ് വീഡിയോ എടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ബിഷ്‌ണോയിയുടെ വാളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

താനൊരു വലിയ സഞ്ജു സാംസണ്‍ ആരാധകനാണെന്നാണ് ബിഷ്‌ണോയിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് സഞ്ജുവിപ്പോള്‍. കാലങ്ങള്‍ക്ക് ശേഷമാണ് താരം ഏകദിന ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

ജൂലൈ 22ന് ആരംഭിക്കുന്ന പര്യടത്തില്‍ മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണുള്ളത്. ഏകദിന ടീമില്‍ മാത്രമാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്.
ജൂലൈ 22, ജൂലൈ 24, ജൂലൈ 27 എന്നീ ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്

സഞ്ജുവിനൊപ്പം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ടി-20 ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇരുവരെയും തഴഞ്ഞതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു ബി.സി.സി.ഐക്കെതിരെ ഉയര്‍ന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംങ്

വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍*, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്*, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

(*കെ.എല്‍. രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെ ഫിറ്റ്നെസിന്റെ അടിസ്ഥാനത്തിലാവും പരിഗണിക്കുക)

Content Highlight: Fan draws giant picture of Sanju on street, Rajasthan Royals share video

We use cookies to give you the best possible experience. Learn more