| Friday, 7th October 2022, 8:11 pm

അർജന്റീനയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകരുടെ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

അർജന്റീനയിൽ ഫുട്‌ബോൾ മത്സരത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. അർജന്റീനയിൽ ഇന്നലെ നടന്ന ലീഗ് മത്സരത്തിനിടെയാണ് സംഭവം.

ഹോം ടീമായ ജിംനാസിയ വൈ.എസ്ഗ്രിമയും ബൊക്ക ജൂനിയേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ കാണികൾ അക്രമാസക്തരാവുകയായിരുന്നു. ജിംനാസിയ വൈ എസ്ഗ്രിമ ടീമിന്റെ ആരാധകരാണ് പ്രശ്‌നം തുടങ്ങി വെച്ചത്.

തിക്കും തിരക്കും നിറഞ്ഞ ലാ പ്ലാറ്റയിലെ ജുവാൻ കാർമെലോ സെറില്ലോ സ്‌റ്റേഡിയത്തിലേക്ക് ആരാധകർ പ്രവേശിക്കാൻ പുറത്തുനിന്നിരുന്ന ആരാധകർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് ജനപ്രവാഹം നിയന്ത്രിക്കാൻ ശ്രമിക്കുകയും ആളുകൾ സഹകരിക്കാതെ വന്നപ്പോൾ ടിയർ ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നു. അതോടെ കൂടതൽ സംഘർഷമുണ്ടാവുകയും ആരാധകരിൽ ചിലർ അക്രമകാരികളാവുകയും ചെയ്യുകയായിരുന്നു.

അതിക്രമിച്ച് അകത്ത് കയറിയ ആരാധകരെ പുറത്താക്കാൻ കണ്ണീർ വാതകത്തിന് പുറമെ റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. ഇതിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്.

സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് ഹൃദയാഘാതം മൂലമാണ് കാണികളിലൊരാൾ മരിച്ചതെന്ന് അർജന്റീന സുരക്ഷാ മന്ത്രി യുവാൻ കാർമെലോ സെറീല്ലോ അറിയിച്ചു.

മത്സരം തുടങ്ങി ഒമ്പത് മിനിട്ട് പിന്നിട്ടപ്പോഴാണ് സംഭവം. പ്രശ്‌നം ഗുരുതരമായതോടെ റഫറി ഹെർനാൻ മസ്ട്രാൻജെലോ മത്സരം റദ്ദാക്കുകയായിരുന്നു. സ്‌റ്റേഡിയത്തിൽ സംഘാടകർ വേണ്ട സുരക്ഷ ഉറപ്പു വരുത്താത്തതിനാലാണ് സംഘർഷമുണ്ടായതെന്ന് ലീഗ് അധികൃതർ ട്വീറ്റ് ചെയ്തു.

അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ സ്റ്റേഡിയങ്ങളിലോ പരിസരങ്ങളിലോ കണ്ണീർ വാതകം ഉപയോഗിക്കരുതെന്ന് ഫിഫയുടെ സുരക്ഷാ പ്രോട്ടോക്കോളിൽ ഉപദേശിക്കുന്നണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം മത്സരം കാണുന്നതിന് വേണ്ടി സംഘാടകർ ടിക്കറ്റിന് അമിത വില ഈടാക്കിയെന്നും അതാണ് തങ്ങളെ രോഷാകുലരാക്കിയതെന്നും ആരാധകരിൽ ചിലർ പറഞ്ഞു.

മത്സരം പുനരാരംഭിക്കുന്ന തിയതി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Fan clash during Argenina Soccer match, 1 died

We use cookies to give you the best possible experience. Learn more