|

'ആവറേജിലും താഴെയുള്ള സിനിമ, മാധവന്റെ അഭിനയം സഹിക്കാന്‍ പറ്റില്ലെന്ന് ആരാധകന്‍'; രസികന്‍ മറുപടിയുമായി മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടനാണ് മാധവന്‍. സിനിമയിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. തന്റെ ആരാധകരോട് സംസാരിക്കാനും അവര്‍ക്ക് മറുപടി നല്‍കാനും മാധവന്‍ ശ്രമിക്കാറുമുണ്ട്.

അത്തരത്തില്‍ ട്വിറ്ററില്‍ അദ്ദേഹം തന്റെ ആരാധകന് നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ആരാധകന്റെ കമന്റും അതിന് നല്‍കിയ മറുപടിയും അദ്ദേഹം തന്നെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.

‘ചാര്‍ളി കണ്ടവര്‍ക്ക് മനസ്സിലാകും ‘മാര’ ആവറേജിലും താഴെയുള്ള സിനിമയാണെന്ന്. ആദ്യത്തെ 30 മിനിറ്റിന് ശേഷം ഈ ചിത്രം കണ്ടിരിക്കാന്‍ പറ്റില്ല. ശരിക്കും ചിത്രത്തിന്റെ പ്രധാന വീഴ്ച മാഡിയുടെ അഭിനയം തന്നെയാണ്’,എന്നായിരുന്നു ആരാധകന്റെ കമന്റ്.

ദുല്‍ഖര്‍- പാര്‍വതി ചിത്രം ചാര്‍ളിയുടെ തമിഴ് റിമേക്കായ ‘മാര’യില്‍ മാധവന്റെ പ്രകടനം മോശമായെന്നായിരുന്നു ആരാധകന്റെ പരാതി.

ഇതിന് മാധവന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘ ക്ഷമിക്കണം സഹോദരാ, അടുത്ത ചിത്രത്തില്‍ മികച്ചതാക്കാന്‍ ശ്രമിക്കാം’, എന്നായിരുന്നു മാധവന്റെ മറുപടി.

ചാര്‍ളിയുടെ തമിഴ് റീമേക്കായ ‘മാര’ ജനുവരി എട്ടിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാരായെത്തുന്നത്. പാര്‍വതിയുടെ റോള്‍ മാരാ’യില്‍ ശ്രദ്ധയാണ് അവതരിപ്പിച്ചിരിക്കുന്നത്. അപര്‍ണ്ണ ഗോപിനാഥിന്റെ റോളില്‍ ശിവദയാണ് ‘മാര’യില്‍. കല്‍പനയുടെ കഥാപാത്രമായി അഭിരാമിയാണ് എത്തുന്നത്. മാല പാര്‍വതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madhavan Replies Fan’s Comment

Latest Stories