| Friday, 11th December 2020, 8:05 pm

'സംവിധായകന്‍ എല്ലാം നിര്‍വചിക്കേണ്ടതില്ല' കിം കി ഡുകിന്റെ ഏറ്റവും പ്രശസ്തമായ വരികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകപ്രശസ്ത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് വിടപറഞ്ഞതിന്റെ ഞെട്ടലിലും വേദനയിലുമാണ് സിനിമാലോകം. കൊറിയന്‍ ഭൂമികയില്‍ നിന്നുള്ള കഥ പറഞ്ഞുകൊണ്ട് ലോകം മുഴുവനുമുള്ള സിനിമാപ്രേമികളോട്, മനുഷ്യരോട് കിം കി ഡുക് സംവദിച്ചു. ഒറ്റക്കായിരിക്കുമ്പോള്‍ പോലും മനുഷ്യന്‍ അവനവനോട് തുറന്നു സമ്മതിക്കാത്ത കാമനകള്‍ക്കും വികാരങ്ങള്‍ക്കും വരെ തിരശ്ശീലയില്‍ ജീവന്‍ നല്‍കിയിട്ട് കൂടിയാണ് കിം കി ഡുക് യാത്രയാകുന്നത്. കിം കി ഡുകിന്റൈ ചിത്രങ്ങള്‍ എക്കാലവും ഓര്‍ക്കപ്പെടുമെന്ന പോലെ അദ്ദേഹം സിനിമയെകുറിച്ച് പറഞ്ഞുവെച്ച ചില വാക്കുകളും ഇന്ന് ലോകം ഓര്‍ക്കുകയാണ്.

കിം കി ഡുകിന്റെ ഏറ്റവും പ്രശസ്തമായ വരികളില്‍ ചിലത്

‘പറയുന്ന വാക്കുകള്‍ക്ക് എല്ലാം പരിഹരിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ചിലപ്പോഴൊക്കെ നിശബ്ദതക്ക് യഥാര്‍ത്ഥമായ വികാരങ്ങള്‍ സത്യസന്ധമായി പ്രകടിപ്പിക്കാനാകും. ചില സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ അര്‍ത്ഥത്തെ തന്നെ മാറ്റിക്കളയാറുണ്ട്.’

‘ലോകത്തില്‍ നടക്കുന്ന കാര്യങ്ങളിലെല്ലാം ഒരൊറ്റ അര്‍ത്ഥം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാറില്ല. അതിന്റെ നേര്‍വിപരീതമാണ് ചെയ്യാറുള്ളത്.’

‘കലാകാരന്റെ സര്‍ഗാത്മക ഊര്‍ജം ഒരു പുഷ്പം പോലെ ക്ഷണികമാണ്. അത് വിരിയുന്നു ഉടന്‍ തന്നെ മരിച്ചുപോകുന്നു. ഒരു കലാകാരനും എക്കാലവും മഹാനായിരിക്കില്ല. വ്യക്തിപരമായി പറയുകയാണെങ്കില്‍ 2004ല്‍ സമാരിയയും 3 അയേണും ചെയ്തതോടെ ഞാന്‍ എന്റെ പരമാവധിയിലെത്തി കഴിഞ്ഞു.’

‘ഞാന്‍ എങ്ങനെയാണ് വളരുന്നതെന്ന് എനിക്ക് അറിയില്ല. സിനിമകള്‍ കാണുമ്പോള്‍ മാത്രമാണ് എനിക്ക് മാറ്റങ്ങളെ കുറിച്ച് മനസ്സിലാകുന്നത്.’

‘മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും അതിലെ അര്‍ത്ഥതലങ്ങളെയും ബഹുമാനിക്കുന്നതില്‍ ഞാന്‍ അതീവ ശ്രദ്ധാലുവാണ്.’

‘ഒരു സംവിധായകന്‍ എല്ലാം നിര്‍വചിച്ചു കൊടുക്കേണ്ടതില്ല. എന്നെ സംബന്ധിച്ചിടത്തോളം സിനിമ എന്നു പറയുന്നത് പ്രേക്ഷകര്‍ക്കും മറ്റുള്ളവര്‍ക്കും മുന്‍പില്‍ വെക്കുന്ന ചോദ്യമാണ്. എന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള അവരുടെ അഭിപ്രായം അറിയാനും സംവദിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

‘ എന്റെ പ്രേക്ഷകരുമായി ഒരു മിഡില്‍ ഗ്രൗണ്ടിലെത്താനുള്ള കഴിവ് എനിക്കില്ല. അത് എനിക്ക് നന്നായിട്ടറിയാം.’

‘ഒരു വ്യക്തിയുടെ സ്‌നേഹവും വെറുപ്പും അസൂയയും കോപവും കൊല്ലാനുള്ള ആഗ്രഹവുമൊക്കെ ജനിതക കാരണങ്ങളെയും വിദ്യാഭ്യാസത്തെയും കുടുംബത്തെയും വളര്‍ന്നുവന്ന ജീവിതസാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.’

കിം കി ഡുക് പറഞ്ഞ നിരവധി കാര്യങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Famous quotes by  director Kim Ki Duk

Latest Stories

We use cookies to give you the best possible experience. Learn more