| Friday, 16th July 2021, 1:57 pm

ഇന്ത്യയിലെ കൊവിഡിന്റെ ഭീകരത തുറന്നുകാട്ടിയത് ഡാനിഷ് പകര്‍ത്തിയ ആ ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ കൊവിഡിന്റെ ഭീകരത തുറത്തുകാട്ടിയത് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിയുടെ ചിത്രങ്ങളായിരുന്നു.

രാജ്യതലസ്ഥാനത്തെ ശ്മശാനത്തില്‍ കൂട്ടിയിട്ട് കത്തിക്കുന്ന കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ചിത്രം അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

” ദല്‍ഹി നിവാസിയായ നിതീഷ് കുമാര്‍ തന്റെ അമ്മയുടെ മൃതദേഹം രണ്ട് ദിവസത്തോളം വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതനായി. നഗരത്തിലെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ഇടം തേടുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ തലസ്ഥാനത്തെ മരണപ്രളയത്തിന്റെ അടയാളമാണിത്,” എന്നാണ് ചിത്രവും വാര്‍ത്തയും പങ്കുവെച്ച് ഡാനിഷ് അന്ന് പറഞ്ഞത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പുലിസ്റ്റര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്.

അദ്‌നാന്‍ ആബിദിക്കൊപ്പമാണ് ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു പുരസ്‌കാരം.

2015ലെ നേപ്പാള്‍ ഭൂകമ്പം, 2016-17 മൊസൂള്‍ യുദ്ധം, റോഹിന്‍ഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ദല്‍ഹി കലാപം എന്നിവയുടെ ഡാനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.

ദല്‍ഹി കലാപത്തിനിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്‌സ് തെരഞ്ഞെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Famous Photo  of Danish Siddiqui, Covid

We use cookies to give you the best possible experience. Learn more