അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണ എഫ്.സിയിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ 80 ശതമാനം സാധ്യതയെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജെറാര്‍ഡ് റൊമേറോ. മെസിയെ സ്വന്തമാക്കുക ബാഴ്‌സലോണയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മെസിയെ ക്ലബ്ബിലെത്തിക്കണമെങ്കില്‍ ബാഴ്‌സക്ക് മുന്നില്‍ രണ്ട് വെല്ലുവിളികളാണുള്ളത്. ബാഴ്‌സയിലെ രണ്ട് താരങ്ങളെ വില്‍ക്കാന്‍ സാധിച്ചാല്‍ മാത്രമെ മെസിയെ സ്വന്തമാക്കാനുള്ള ഫണ്ട് ബാഴ്‌സക്ക് സ്വരൂപിക്കാനാകൂ.
മാത്രവുമല്ല, സാവിയുടെ പരിശീലനത്തിന് കീഴിലുള്ള താരങ്ങളുടെ വേതനം വെട്ടിക്കുറക്കുന്നതും ക്ലബ്ബിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് മെസി ബാഴ്‌സയിലേക്ക് തിരികെ പോകാന്‍ 20 ശതമാനം സാധ്യതയെ കാണുന്നുള്ളൂ,’ റൊമേറോ പറഞ്ഞു.
അതേസമയം, ചാമ്പ്യന്‍സ് ലീഗ് നേടണമെങ്കില്‍ ലയണല്‍ മെസിയെ പോലൊരു താരം ടീമിലുണ്ടായിരിക്കുന്നത് ഗുണകരമാകുമെന്ന് എംബാപ്പെക്ക് നന്നായിട്ടറിയാമെന്നും അതിനാല്‍ മെസിയെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കാന്‍ എംബാപ്പെ അധികാരികളുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും റൊമേറോ കൂട്ടിച്ചേര്‍ത്തു.
പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ മികച്ച പ്രകടനമാണ് മെസിയും എംബാപ്പെയും കാഴ്ചവെക്കുന്നത്. ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 35 മത്സരങ്ങള്‍ കളിച്ച മെസി 20 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ലീഗ് വണ്ണില്‍ 27 മത്സരങ്ങല്‍ല്‍ 20 ഗോളുകളാണ് എംബാപ്പെ അക്കൗണ്ടിലാക്കിയിരിക്കുന്നത്.
ലീഗ് വണ്ണില്‍ നിലവില്‍ 31 മത്സരങ്ങളില്‍ നിന്നും 23 വിജയങ്ങളോടെ 72 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഏപ്രില്‍ 22ന് എയ്ഞ്ചേഴ്സിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.