ഡേവിഡ് വാര്‍ണര്‍ കാരണം ഉറക്കം നഷ്ടപ്പെട്ട മാര്‍നസ് ലബുഷാനായിരുന്നു ക്രിക്കറ്റ് ലോകത്തെ സജീവ ചര്‍ച്ചാ വിഷയം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിനിടെയായിരുന്നു താരത്തിന്റെ ഉറക്കം ശ്രദ്ധേയമായത്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിന് ശേഷം രണ്ടാം ഇന്നിങ്‌സിനായി ഓസ്‌ട്രേലിയ ഇറങ്ങിയപ്പോഴായിരുന്നു ലബുഷാന്‍ ഒന്ന് മയങ്ങാന്‍ തീരുമാനിച്ചത്. വണ്‍ ഡൗണ്‍ ബാറ്ററായ താരം പാഡ് കെട്ടി മയങ്ങുകയായിരുന്നു. എന്നാല്‍ ഓസീസ് ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണര്‍ കൂടാരം കയറിയപ്പോള്‍ ഉറക്കം അവസാനിപ്പിച്ച് ലബുഷാന്‍ ക്രീസിലെത്തുകയായിരുന്നു.
ഐ.സി.സി തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ താരത്തിന്റെ ‘കുഞ്ഞുറക്കത്തിന്റെ’ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ലബുഷാന്‍ മാത്രമല്ല തന്റെ ടീം കളത്തിലുണ്ടാകുമ്പോള്‍ ഉറങ്ങിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയും ക്രിക്കറ്റ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സും ഇത്തരത്തില്‍ കളിക്കിടെ ഉറങ്ങിയവരാണ്.
ഇതില്‍ മറ്റേത് ഉറക്കത്തേക്കാളും മാസ് ആയത് ധോണിയുടെ ഉറക്കം തന്നെയാണ്. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ, ഗ്രൗണ്ടില്‍ കിടന്നാണ് ധോണി ഉറങ്ങാന്‍ തീരുമാനിച്ചത്.
2017ലാണ് സംഭവം. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കിടെയാണ് ധോണി ഗ്രൗണ്ടില്‍ കിടന്നുറങ്ങിയത്. മോശം പ്രകടനം പുറത്തെടുത്ത ഹോം ടീമിനെതിരെ ആരാധകര്‍ പ്രതിഷേധിച്ചപ്പോള്‍ ലഭിച്ച അവസരത്തിലാണ് ധോണി ഉറക്കം പാസാക്കിയത്.
പല്ലേക്കലെയിലെ ശ്രീലങ്കയുടെ മോശം പ്രകടനത്തിന് പിന്നാലെ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പിയടക്കമുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും അമ്പയര്‍മാര്‍ അല്‍പനേരത്തേക്ക് കളിയവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.
ഈ സമയത്താണ് സ്‌ട്രൈക്കിലുണ്ടായിരുന്ന ധോണി പിച്ചിന്റെ ഒരു വശത്ത് ഉറക്കം തുടങ്ങിയത്. ഒരു വശത്ത് എതിര്‍ ടീം ആരാധകര്‍ പ്രതിഷേധിക്കുമ്പോള്‍ ഗ്രൗണ്ടില്‍ കിടന്ന് ഉറങ്ങാന്‍ ധോണിക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
എ.ബി. ഡി വില്ലിയേഴ്‌സും ഇത്തരത്തില്‍ കളിക്കിടെ കിടന്നുറങ്ങിയ താരമാണ്. 2014ലെ സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടെയായിരുന്നു മിസ്റ്റര്‍ 360 ഉറങ്ങാന്‍ തീരുമാനിച്ചത്.
പ്രോട്ടീസിന്റെ ഡീന്‍ എല്‍ഗറും ഫാഫ് ഡു പ്ലെസിയും മത്സരിച്ച് കരീബിയന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട മത്സരമായിരുന്നു അത്. രണ്ടാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന ഇരുവരുടെയും കൂട്ടുകെട്ട് 63 ഓവറിലധികം നീണ്ടുനിന്നിരുന്നു. രണ്ട് പേരും സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ഈ കൂട്ടുകെട്ട് പൊളിക്കാന്‍ തത്കാലം വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ക്ക് സാധിക്കില്ല എന്ന മനസിലാക്കിയ മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ ഡി വില്ലിയേഴ്‌സ് മയങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഹെല്‍മെറ്റും പാഡും ഗ്ലൗസും തൊട്ടടുത്ത് വെച്ച് ഉറങ്ങിയ താരത്തിന്റെ ചിത്രവും സമൂഹമമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Content highlight: Famous cricketers who slept during a match