പുറത്ത് നിന്നുള്ള ഇടപെടല്‍ വെനസ്വേലയുടെ സമാധാനവും സ്ഥിരതയും തകര്‍ത്തു; രാജ്യാന്തര ചര്‍ച്ച ആവശ്യപ്പെട്ട് ഐ.സി.ജിക്ക് 500 പ്രമുഖരുടെ കത്ത്
Venezuela crisis
പുറത്ത് നിന്നുള്ള ഇടപെടല്‍ വെനസ്വേലയുടെ സമാധാനവും സ്ഥിരതയും തകര്‍ത്തു; രാജ്യാന്തര ചര്‍ച്ച ആവശ്യപ്പെട്ട് ഐ.സി.ജിക്ക് 500 പ്രമുഖരുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th February 2019, 11:12 am

കാരക്കസ്: വെനസ്വേലയില്‍ സമാധാനന്തരീക്ഷം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെക്‌സിക്കന്‍ പ്രസിഡന്റും യുറഗ്വായ് പ്രസിഡന്റുമടക്കം 500 പേര്‍ ഒപ്പിട്ട കത്ത് ഐ.സി.ജിക്ക് കൈമാറി. യൂറോപ്പില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നുമുള്ള പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടത്. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം മാറ്റണമെന്നും സമാധാനത്തിനായുള്ള സംവാദം പുനസ്ഥാപിക്കണമെന്നുമാണ് ആവശ്യം.

ജര്‍മനി, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളടങ്ങുന്ന ഇന്റര്‍നാഷണല്‍ കോണ്‍ടാക്ട് ഗ്രൂപ്പിനാണ് കത്ത് കൈമാറിയത്. ഐ.സി.ജിയുടെ ആദ്യ യോഗത്തില്‍ ഗ്വീഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കാനായിരുന്നു തീരുമാനം.

ALSO READ: വെള്ളിയാഴ്ചയ്ക്കുള്ളില്‍ സൗദി കിരീടാവകാശിയുടെ കാര്യത്തില്‍ തീരുമാനം പറയണം; ട്രംപിന് അന്ത്യശാസനവുമായി യു.എസ് കോണ്‍ഗ്രസ്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൗസ്സഫ്, കൊളംബിയയുടെ മുന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആങ്കെല മരിയ റൊബെല്‍ഡോ, യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റും ഗ്രീന്‍ ലെഫ്റ്റ് പ്രവര്‍ത്തകനുമായി ദിമിത്രിയോസ്, ബ്രസിലിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രസിഡന്റ് ഗ്ലീസി ഹോഫ്മാന്‍, എന്നിവരാണ് ഒപ്പ് വെച്ചവരിലെ പ്രമുഖര്‍.

പുറത്തുനിന്നുള്ള ഇടപെടല്‍ വെനസ്വേലന്‍ രാഷ്ട്രീയത്തില്‍ ശക്തമായതോടെയാണ് രാജ്യത്ത് സമാധാനവും സ്ഥിരതയും നഷ്ടമായതെന്ന് കത്തില്‍ പറയുന്നു. നിലവിലുള്ള സാഹചര്യത്തെ ദുരുപയോഗം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യാന്തര നിയമങ്ങള്‍ക്കനുസരിച്ചുള്ള നീക്കുപോക്ക് വെനെസ്വേലയില്‍ ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കത്തിന്റെ അടിസ്ഥാനത്തില്‍ യുറഗ്വായ് പ്രസിഡന്റ് ടബേര വാസ്‌ക്വസിന്റേയും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ സമിതിയുടേയും നേതൃത്വത്തില്‍ യോഗം നടക്കും, ബൊളീവിയ, കോസ്റ്ററീക്ക, ഇക്വഡോര്‍, മെക്‌സിക്കോ, യുറഗ്വായ്, ജര്‍മനി, സ്‌പെയിന്‍ ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ ഉന്നതാധികാരികളും യോഗത്തില്‍ പങ്കെടുക്കും.