ബാലപീഡകരെ കുറിച്ച് പറയുന്ന ഫാമിലി; വെളിച്ചത്തിലേക്ക് വരാത്ത ഇരട്ടമുഖങ്ങള്‍
Film News
ബാലപീഡകരെ കുറിച്ച് പറയുന്ന ഫാമിലി; വെളിച്ചത്തിലേക്ക് വരാത്ത ഇരട്ടമുഖങ്ങള്‍
വി. ജസ്‌ന
Saturday, 24th February 2024, 4:30 pm

കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും കുറിച്ച് മികച്ച സിനിമകള്‍ മുമ്പും വന്നിട്ടുണ്ടെങ്കിലും ഒരു കുടുംബത്തില്‍ സുരക്ഷിതനായി തുടരുന്ന ബാലപീഡകരെ കുറിച്ച് അധികമാരും പറഞ്ഞിട്ടില്ല. മറ്റാരും പറഞ്ഞിട്ടില്ലാത്ത ഈ ആശയത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഡോണ്‍ പാലത്തറ.

വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫാമിലി. ഒരു കുടുംബത്തില്‍ കപടമുഖവുമായി ജീവിക്കുന്ന മനുഷ്യരുടെ പ്രതിരൂപമാണ് വിനയ് ഫോര്‍ട്ടിന്റെ സോണിയെന്ന കഥാപാത്രം.

ഒരു കുടുംബമെന്ന സംവിധാനത്തിലേക്ക് മുഖംമൂടിയിട്ട ആളുകള്‍ എങ്ങനെയാണ് അരിച്ചിറങ്ങുന്നതെന്നും ഇവരെ എങ്ങനെയാണ് ചുറ്റുമുള്ള ആളുകളും മതവും സംരക്ഷിക്കുന്നതെന്നുമാണ് ഫാമിലിയെന്ന സിനിമയിലൂടെ സംവിധായകന്‍ കാണിക്കുന്നത്.

ചിത്രത്തില്‍ സോണിയെന്ന കഥാപാത്രം ആ സമൂഹത്തില്‍ ഏറെ സ്വീകാര്യനായ വ്യക്തിയാണ്. നാട്ടില്‍ എന്തുകാര്യങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന ആളാണ്. പശു കിണറ്റില്‍ വീണാലും നാട്ടില്‍ ഒരു മരണം നടന്നാലും സോണി മുന്നില്‍ കാണും.

സിനിമയില്‍ ഒരു സീനില്‍ മകള്‍ക്ക് ട്യൂഷനെടുത്തു തരണമെന്ന് പറഞ്ഞ് തന്നെ സമീപിക്കുന്ന ആളോട് പ്രിയപെട്ടവരില്‍ നിന്നും കൂലി പറഞ്ഞു വാങ്ങാറില്ലെന്നും ചേട്ടന് ഇഷ്ടമുള്ളത് തന്നോളൂവെന്നും പറയുന്ന സോണിയെ കാണാം.

എന്നാല്‍ ട്യൂഷനെടുക്കുന്ന സമയം ആ പെണ്‍കുട്ടിയുടെ മുന്നില്‍ അയാള്‍ തന്റെ മുഖംമൂടിയഴിക്കുന്നതും കാണാന്‍ കഴിയും. പിന്നീട് പല സീനുകളിലായി സോണിയുടെ ഈ ഇരട്ടമുഖങ്ങള്‍ സംവിധായകന്‍ കാണിക്കുന്നുണ്ട്. ഗര്‍ഭിണിയായ റാണിയെ സഹായിക്കുന്നതും ഇതേ സോണി തന്നെയാണ്.

കുടുംബത്തിലും സമൂഹത്തിലും വലിയ അംഗീകാരം നേടിയെടുക്കുന്ന ആളുകളുടെ കുറ്റങ്ങള്‍ വെളിച്ചത്തിലേക്ക് വരാതിരിക്കാന്‍ കാരണമാകുന്നത് സമൂഹവും കുടുംബവും തന്നെയാണെന്നും ഫാമിലി പറയാതെ പറയുന്നു.

സിനിമയുടെ അവസാനത്തില്‍ റാണിയെന്ന കഥാപാത്രത്തിന് സോണിയില്‍ സംശയമുണ്ടാകുന്നതോടെ അവള്‍ ഈ കാര്യം തനിക്ക് ഏറെ വിശ്വാസമുള്ള ഒരാളോട് പറയുന്നുണ്ട്. എന്നാല്‍ സോണിയെ കുറിച്ച് അവള്‍ പറഞ്ഞത് വെറും തോന്നലാകാമെന്നും അവന്‍ അങ്ങനെയുള്ള ഒരാളല്ലെന്നുമുള്ള മറുപടിയാണ് റാണിക്ക് ലഭിക്കുന്നത്. സോണിയുടെ ബന്ധുവായ കന്യാസ്ത്രീയുടെ കഥാപാത്രം പോലും സോണിക്ക് വേണ്ടി റാണിയോട് ദേഷ്യത്തില്‍ സംസാരിക്കുകയും അവളെ കുറ്റപ്പെടുത്തുകയും ചെയ്യുകയാണ്.

അത്ര എളുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് തന്നില്‍ സംശയം തോന്നിപ്പിക്കാതിരിക്കാന്‍ സോണിക്ക് തന്റെ മുഖംമൂടി കൊണ്ട് സാധിച്ചിട്ടുണ്ട്. സിനിമയില്‍ ഉടനീളം ഇയാള്‍ പിടിക്കപ്പെടണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലാണ് ആ കഥാപാത്രത്തെ പ്ലേസ് ചെയ്തിരിക്കുന്നത്. എന്നാല്‍ അയാളിലെ വേട്ടക്കാരനെ ആരും തിരിച്ചറിയുന്നതായി സംവിധായകന്‍ കാണിക്കുന്നില്ല.

ഡോണ്‍ തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഈ സിനിമയുടെ ആശയത്തിലേക്ക് എത്തിയതെന്ന് നൂറുശതമാനവും ഉറപ്പിക്കാവുന്നതാണ്. കാരണം ഫാമിലി കാണുന്നവരില്‍ വലിയ വിഭാഗം ആളുകള്‍ക്കും തങ്ങളുടെ ജീവിതത്തില്‍ സോണിയെ പോലെ ഒരാളെ പരിചയമുണ്ടാകാം. ആ വ്യക്തി ഇന്നും സമൂഹത്തില്‍ മാന്യനായി ജീവിക്കുന്നുമുണ്ടാകാം.

സിനിമയില്‍ രണ്ട് വേട്ടക്കാരെയാണ് സംവിധായകന്‍ കാണിക്കുന്നത്. ഒന്ന് സോണിയാണെങ്കില്‍ മറ്റൊന്ന് പുലിയാണ്. രണ്ടുപേരും അപകടകാരികളാണ്. എന്നാല്‍ അവിടെ പുലിയെ മാത്രമേ ആളുകള്‍ വേട്ടമൃഗമായി അംഗീകരിക്കുന്നുള്ളു. സോണി അപ്പോഴും തന്റെ വേട്ടയുമായി മുന്നോട്ട് പോകുകയാണ്.


Content Highlight: Family tells about child abusers; Double faces that do not come to light

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ