| Wednesday, 7th February 2024, 10:10 pm

ഗീതാഗോവിന്ദം ടീം വീണ്ടും, പുതിയ ചിത്രത്തിലെ ആദ്യഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ദേവരകൊണ്ട എന്ന തെലുങ്ക് നടനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയ ചിത്രമാണ് 2018ല്‍ റിലീസായ ഗീതാഗോവിന്ദം. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ആയിരുന്നു. വിജയ് ദേവരകൊണ്ടയും രാഷ്മിക മന്ദാനയും ഒന്നിച്ച സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. പരശുറാം സംവിധാനം ചെയ്ത ഗീതാഗോവിന്ദം താരത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്.

ആറ് വര്‍ഷത്തിന് ശേഷം അതേ കോമ്പോ ഒന്നിക്കുന്ന പുതിയ സിനിമയാണ് ഫാമിലി സ്റ്റാര്‍. ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം റിലീസായിരിക്കുകയാണ്. ഗോപി സുന്ദര്‍ തന്നെയാണ് ഈ സിനിമയുടെയും സംഗീതം. നന്ദനന്ദന എന്ന ഗാനം പാടിയിരിക്കുന്നത് സിദ് ശ്രീറാമാണ്.

സീതാ രാമം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മൃണാല്‍ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. വാരിസിന് ശേഷം ദില്‍ രാജു നിര്‍മിക്കുന്ന സിനിമ കൂടിയാണ് ഇത്. കെ.യു. മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജനുവരിയില്‍ റിലീസാകുമെന്ന് അറിയിച്ച ചിത്രം ഏപ്രില്‍ അഞ്ചിലേക്ക് റിലീസ് മാറ്റിവെച്ചു.

Content Highlight: Family Star first song released

We use cookies to give you the best possible experience. Learn more