| Monday, 13th July 2020, 8:30 am

'ഒരേ ഒരു ആവശ്യമേ ഇപ്പോഴുള്ളു, അദ്ദേഹത്തെ കൊല്ലരുത്'; വരവര റാവുവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തെലുഗു കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന് കുടുംബം. റാവുവിന്റെ ആരോഗ്യ നില നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണെന്നും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഭാര്യയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു.

ഭീമ കൊറേഗാവ് കേസില്‍ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് വരവര റാവു.

റാവുവിന്റെ സഹോദരീപുത്രനും എഴുത്തുകാരനുമായ എന്‍. വേണുഗോപാല്‍ റാവുവും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ചു. ഞായറാഴ്ച ഓണ്‍ലൈന്‍ ആയി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭീമ കൊറേഗാവ് കേസില്‍ റാവുവിനെ തെറ്റായി പ്രതി ചേര്‍ത്തതിലോ അദ്ദേഹത്തിന് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്നതിലോ അല്ല ഇപ്പോഴത്തെ ആശങ്ക, ആരോഗ്യ സ്ഥിതി വഷാളാവുന്നതിലാണ്,’എന്‍. വേണുഗോപാല്‍ റാവു പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഒരേ ഒരു ആവശ്യമേ ഇപ്പോഴുള്ളു, അദ്ദേഹത്തെ കൊല്ലരുത്,’ വേണുഗോപാല്‍ റാവു കൂട്ടിച്ചേര്‍ത്തു.

ഒരുമാസത്തിലേറെയായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശം സ്ഥിതിയിലാണെന്ന് വരവര റാവുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ഇന്നലത്തെ വിളികൂടി വന്നതോടെ ഞങ്ങള്‍ കൂടുതല്‍ അസ്വസ്ഥരാണ്. പരസ്പര ബന്ധമില്ലാതെ പലതുമാണ് സംസാരിക്കുന്നത്. നേരത്തെ മരിച്ചു പോയ അദ്ദേഹത്തിന്റെ മാതാപിതാക്കളെ കുറിച്ചുമാണ് സംസാരിക്കുന്നത്,’ അവര്‍ പറഞ്ഞു.

അസംബന്ധമായ കുറ്റങ്ങള്‍ ചുമത്തി പഴയ ആക്ടിവിസ്റ്റുകളെ ജയിലിടയ്ക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. വരവര റാവുവിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

2018 മുതല്‍ വരവര റാവു ജയിലിലാണ്. ഭീമ- കൊറേഗാവ് ദളിത്-സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയും പൂണെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

വരവര റാവുവിന്റെ ആരോഗ്യനില സംബന്ധിച്ച് ജയില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

ഇടക്കാല ജാമ്യത്തിനുള്ള റാവുവിന്റെ അപേക്ഷ കഴിഞ്ഞ മാസം പ്രത്യേക കോടതി നിരസിച്ചിരുന്നു. അദ്ദേഹത്തിന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more