| Sunday, 21st January 2018, 12:05 am

'എനിക്ക് എന്റെ ഭൂമി തിരികെ വേണം. 24 വര്‍ഷമായി എച്ച്.ഡി.എഫ്.സി ബാങ്ക് എന്നെയും കുടുംബത്തിനെയും പീഡിപ്പിക്കുകയാണ്': കുടിയിറക്കല്‍ ഭീഷണിയില്‍ സ്വന്തം ചിതയൊരുക്കി ഒരു കുടുംബം

നിമിഷ ടോം

എച്ച്.ഡി.എഫ്.സി ബാങ്ക് ജപ്തി ചെയ്ത വീടിന് മുന്നില്‍ 186 ദിവസമായി ചിതയൊരുക്കി ഒരു കുടുംബം. എറണാകുളം ഇടപ്പള്ളിക്കടുത്ത് പത്തടിപ്പാലം സ്വദേശി മാന്നാനത്തുപാടം ഷാജിയും കുടുംബവുമാണ് 24 വര്‍ഷമായി തുടരുന്ന കടക്കെണിയില്‍ നിന്നും രക്ഷയില്ലാതെ നട്ടംതിരിയുന്നത്. ഷാജി വീടിനുമുന്നില്‍ ചിതയൊരുക്കി നീതി കാത്തിരിക്കുകയാണ്. ഷാജിക്ക് ഇപ്പോള്‍ 56 വയസ്സുണ്ട്. മുപ്പത് വര്‍ഷത്തോളമായി ഡ്രൈവിങ്ങാണ് ജോലി.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കൊള്ളപ്പലിശയ്ക്കും റിയല്‍ എസ്റ്റേറ്റ് സംഘവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനുമെതിരെ ഷാജി സമരമാരംഭിച്ചിട്ട് 186 ദിവസം പിന്നിടുകയാണ്. “കൂട്ടുകാരന്‍ സാജന് വര്‍ക്ക് ഷോപ്പ് നടത്താന്‍ 1994ല്‍ രണ്ട് ലക്ഷം രൂപയ്ക്ക് ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നും എടുത്ത ലോണിന് ജാമ്യം നിന്നതാണ് ഞാന്‍. അയാള്‍ പണം തിരിച്ചടച്ചില്ല. ഇപ്പോള്‍ 24 വര്‍ഷമായി. ഇപ്പോള്‍ തിരിച്ചടക്കേണ്ടത് രണ്ട് കോടി എട്ട് ലക്ഷം രൂപയായി. തുക തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് ഞങ്ങളെ അറിയിക്കാതെ ഈട് വച്ച പുരയിടം ലേലത്തില്‍ വച്ചു. രണ്ടരക്കോടി മതിപ്പുവിലയുള്ളവ 38 ലക്ഷം രൂപയ്ക്ക് ബാങ്ക് സ്വകാര്യ വ്യക്തിക്ക് ലേലത്തില്‍ കൊടുത്തു. ഞങ്ങളറിയാതെ” ഷാജി പറയുന്നു. 18.5 സെന്റ് വസ്തുവാണ് 38 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തില്‍ വിറ്റത്.

സുഹൃത്ത് സാജന്‍ പണമടയ്ക്കാതെ കുടിശ്ശിക പെരുകിയപ്പോള്‍ 1997ല്‍ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ ഷാജി നാല് സെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ തിരിച്ചടച്ചിരുന്നു. “ജപ്തി നടപടിയുമായി ബാങ്ക് ആദ്യം വന്ന സമയത്ത് ഞങ്ങളുടെ അമ്മ സ്‌ട്രോക്ക് വന്ന തളര്‍ന്ന കിടപ്പിലായിരുന്നു. ബാങ്ക് ജീവനക്കാരെയും പൊലീസിനെയുമൊക്കെ ഒരുമിച്ച് കണ്ട് പേടിച്ച അമ്മ പിന്നീട് മിണ്ടാന്‍ കഴിയാത്ത അവസ്ഥയിലായി. കുറച്ച നാള് കഴിഞ്ഞപ്പോ അമ്മ മരിച്ചു. അമ്മേനെ കൊന്നത് ഈ ബാങ്കാണ്. ഷാജിയുടെ ഭാര്യ പ്രീത പറയുന്നു.

ഷാജി

ആലുവയിലെ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നാണ് ഷാജി ജാമ്യം നിന്ന് പണം കടമെടുത്തത്. ലോര്‍ഡ് കൃഷ്ണബാങ്ക് പിന്നീട് സെഞ്ചൂറിയന്‍ ബാങ്കിലും സെഞ്ചൂറിയന്‍ ബാങ്ക് തുടര്‍ന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിലും ലയിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് എച്ച്.ഡി. എഫ്.സി ബാങ്കാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.

“എച്ച്.ഡി.എഫ്.സി ബാങ്കില്‍ ചെന്ന് കുടിശ്ശിക അല്‍പാല്‍പമായി തിരിച്ചടക്കാന്‍ തയ്യാറാണെന്ന് ഞങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം താങ്ങാനാവുന്നതിലും വലിയ തുക പലിശയിനത്തില്‍ത്തന്നെ വരുമെന്നാണ് ബാങ്ക് അന്നേ ഞങ്ങളോട് പറഞ്ഞിരുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്ക് പുരയിടമൊന്നാകെ ബാങ്കുമായി അറ്റാച്ച് ചെയ്യുകയും ചെയ്തു. ഇതോടെ സ്ഥലം വില്‍ക്കാനോ കരമടയ്ക്കാനോ കഴിയാത്ത അവസ്ഥയായി. ഇതോടെ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് കരമടച്ച രസീതോ വരുമാന സര്‍ട്ടിഫിക്കറ്റോ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കാതെയായി” പ്രീത പറയുന്നു.

“എന്നേം എന്റെ കുടുംബത്തിനേം ഈ ബാങ്ക് അന്ന് മുതല്‍ പീഡിപ്പിക്കുകയായിരുന്നു. പതിനെട്ടര സെന്റ് സ്ഥലമുണ്ട്. പക്ഷെ സ്വന്തം വീട്ടില്‍ വാടകക്കാരായി ജീവിക്കേണ്ടി വരികയാണ്. ആരെങ്കിലും സ്ഥലം വാങ്ങാനായി വരുന്ന സമയത്ത് ബാങ്ക് മാനേജര്‍ എങ്ങനെയെങ്കിലും അവരെ ബന്ധപ്പെട്ട് ബാങ്കുമായി അറ്റാച്ച് ചെയ്ത സ്ഥലമാണ്. അത് വാങ്ങരുതെന്ന് അറിയിക്കും. അതോടെ വാങ്ങാന്‍ വരുന്നവരും പിന്മാറും. നാട്ടുകാരോടും അവര്‍ ഇതുതന്നൊണ് പറഞ്ഞിരിക്കുന്നത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്താണ്. അതിന്റെ എന്തെങ്കിലും ഒരു പങ്ക് എന്റെ മക്കള്‍ക്ക് കൊടുക്കണ്ടേ?” ഷാജി ചോദിക്കുന്നു.

ഷാജിക്ക് രണ്ട് മക്കളാണ്. ശ്രീക്കുട്ടിയും അഖിലും. സ്‌കൂളില്‍ പോകുന്ന കാലം മുതലേ ബാങ്കിന്റെ ജപ്തി ഭീഷണിയിലാണ് ജീവിക്കുന്നതെന്ന് ഇവരും പറയുന്നു.

2014ല്‍ രണ്ട് കോടി മുപ്പത് ലക്ഷം രൂപയാണ് കുടിശ്ശിക എന്ന് ബാങ്ക് ഇവരെ അറിയിച്ചു. “എങ്ങനെ ഇത്ര വലിയ തുകയായെന്ന് ഞങ്ങളും സംശയിച്ചു. തുടര്‍ന്ന് 2014 ഫെബ്രുവരിയില്‍ ബാങ്ക് ഓണ്‍ലൈനിലൂടെ ഭൂമി ലേലത്തില്‍ വച്ചു. ഈ ലേലത്തില്‍ രതീഷ് നാരായണന്‍ എന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തെടുത്തു. എന്നാല്‍ ഭൂമി ലേലത്തില്‍ വച്ചതോ വിറ്റ് പോയതോ ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ബാങ്കില്‍ നിന്നും സ്ഥലം ജപ്തി നടപടിയിലേക്ക് പോകുമ്പോള്‍ അത് ഉടമയെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ഞങ്ങള്‍ വീട്ടിലില്ലാത്ത സമയം നോക്കി ബാങ്കിന്റെ ആളുകള്‍ ഇവിടെ വന്ന് വീട്ടില്‍ ആളില്ലെന്ന റിപ്പോര്‍ട്ട് അധികാരികള്‍ക്ക് നല്‍കുകയം ചെയ്തു” പ്രീത വിവരിക്കുന്നു. 80 ലക്ഷം കുടിശ്ശിക തിരിച്ചടയ്ക്കാന്‍ ചെന്നപ്പോഴാണ് ലേലത്തിന്റെ കാര്യംതന്നെ ഇവര്‍ അറിയുന്നത്.

“റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് വേണ്ടി എച്ച്.ഡി.എഫ്.സി ബാങ്ക് ഞങ്ങളുടെ ഭൂമി ഒത്താശ ചെയ്ത് കൊടുത്തതാണ്. എച്ച്.ഡി.എഫ്.സി ബാങ്കും ഭുമി ലേലത്തില്‍ പിടിച്ച രതീഷ് നാരായണനും കൂടി കുടിയിറക്കാന്‍ വന്നപ്പോഴാണ് സ്വന്തം വീട് കൈവിട്ട് പോയെന്ന് ഞങ്ങള്‍ അറിയുന്നത്. ലേലത്തിന് ശേഷം കൈപ്പറ്റേണ്ട നോട്ടീസും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. കണ്‍സ്യൂമര്‍ നമ്പറടക്കം ഈ രതീഷ് നാരായണന്‍ ഞങ്ങളറിയാതെ ഇവിടെ വന്ന് ശേഖരിച്ചു. ഇപ്പോ വീട് അയാളുടെ പേരിലും അതിന്റെ കരണ്ട് ചാര്‍ജ്ജടക്കം അടയ്ക്കുന്നത് ഞങ്ങളും” ഷാജിയുടെ മകന്‍ അഖില്‍ പറയുന്നു.

സുധീഷ്, സക്കറിയ മണവാളന്‍, രതീഷ് നാരായണന്‍ എന്നീ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ തന്ത്രപൂര്‍വ്വം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെ സ്ഥലം കൊള്ളയടിച്ചതാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ വിളിക്കുന്ന മധ്യസ്ഥ ചര്‍ച്ചകളിലടക്കം ഇവര്‍ മൂന്ന് പേരുമാണ് സംസാരിക്കുന്നതെന്നും ഷാജി പറയുന്നു. ലേലത്തില്‍ സ്ഥലം വിറ്റ് പണം തിരിച്ച് പിടിച്ചതോടെ ബാങ്ക് പിന്‍വാങ്ങി. തുടര്‍ന്ന് ഷാജിയും കുടുംബവും ഭൂമി വാങ്ങിയ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി ആയി പിന്നീടുള്ള ചര്‍ച്ച.

ബാങ്കിന് ഇവര്‍കൊടുത്തെന്ന് പറയപ്പെടുന്ന 80 ലക്ഷം രൂപ തിരികെ നല്‍കാമെന്നും ഭൂമി തിരിച്ചേല്‍പിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ തന്നാല്‍ ഭൂമി തിരികെ നല്‍കാമെന്നായി രതീഷും സംഘവുമെന്ന് ഷാജി പറയുന്നു. കൂടാതെ നാട്ടുകാരോട് ഷാജിയോയും കുടുംബത്തേയും രണ്ട് മാസത്തിനുള്ളില്‍ കുടിയിറക്കുമെന്ന ഭീഷണിയും ഇവര്‍ തുടരുന്നു. ഭീഷണി ശക്തമായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലായി ഈ കുടുംബം. ഭൂമി വിട്ട് കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള വരുമാനമോ സാമ്പത്തികാവസ്ഥയോ ഇവര്‍ക്കില്ല.

മക്കളുടെ മുഖത്തുപോലും നോക്കാന്‍ പറ്റാത്ത അവസ്ഥയായപ്പോഴാണ് ഷാജിയും പ്രീതയും സമരത്തിലേക്കിറങ്ങിയത്. സ്വന്തം ഭൂമി തിരിച്ച് കിട്ടാന്‍ ന്യായമായ പണം നല്‍കാന്‍ ഇവര്‍ തയ്യാറാണ്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ക്കടക്കം കൊടുത്ത കോഴയടക്കം വേണമെന്ന നിലപാടിലാണ് കച്ചവടക്കാര്‍. ബാങ്കും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് പാവങ്ങളെ ഇരയാക്കുന്ന സമീപനത്തിന് കൂട്ടുനിക്കാന്‍ തയ്യാറാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാരടങ്ങുന്ന സമര സമിതിയെന്ന് സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തക ജെന്നി പറയുന്നു.

സ്വകാര്യ ബാങ്കുകള്‍ക്ക് വേണ്ടി കടം പിടിച്ച് കൊടുക്കുന്ന ഡെബ്റ്റ് റിക്കവറി ട്രിബ്യൂണിലിലെ റിക്കവറി ഓഫീസര്‍ മുഖാന്തിരം രണ്ടരക്കോടി രൂപ വിലവരുന്ന വസ്തു റിയല്‍ എസ്റ്റേറ്റ് സംഘത്തിന് 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു. കോഴക്കേസില്‍ പ്രതിയായ എം. രംഗനാഥാണ് ലേലത്തിന് ചുക്കാന്‍ പിടിച്ച റിക്കവറി ഓഫീസര്‍. കടത്തില്‍ വീണവരുടെ വസ്തു നിസ്സാര വിലയ്ക്ക് നേടിയെടുക്കാന്‍ ഡി.ആര്‍.ടി യെ ചുറ്റിപ്പറ്റി റിയല്‍ എസ്റ്റേറ്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഷാജി ഇന്ന് തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ്” സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തക ജെന്നി പറയുന്നു.

വിവാദ ലേല നടപടി പിന്‍വലിച്ച് രണ്ട് ലക്ഷം രൂപയുടെ വായ്പയ്ക്ക് ന്യായമായ തുക കണക്കാക്കണമെന്ന് ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സമരസമിതി. മാന്നാനത്ത് ഷാജിയുടെയും കുടുംബത്തിന്റെയും സമരം സര്‍ഫാസി വിരുദ്ധ സമര സമിതി ഏറ്റെടുത്തിട്ടുണ്ട്. നിയമ സഹായവും മറ്റും നല്‍കുന്നത് സമരസമിതിയിലെ സാമൂഹ്യ പ്രവര്‍ത്തകരാണ്. പത്തടിപാലത്തെ പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളും പ്രതിനിധികളും പ്രശ്നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ക്രിയാത്മകമായ യാതൊരു ഇടപെടലും ജന പ്രതിനിധികളുടെ ഇടയില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് ഷാജി ആവര്‍ത്തിച്ച് പറയുന്നു.

സര്‍ഫാസി നിയമം എന്ത്?

കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ അനുമതിയില്ലാതെ തന്നെ ബാങ്കുകള്‍ക്കും ബ്ലേഡ് പണമിടപാട് സ്ഥാപനങ്ങള്‍ക്കും നേരിട്ട് ജപ്തി ചെയ്യാനുള്ള അധികാരം നല്‍കുന്ന നിയമമാണ് സര്‍ഫാസി നിയമം (Securitasation and Reconstruction of Financial Assets and Enforcement Security Interest Act). 2002ല്‍ വാജ്‌പേയി സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ മന്‍മോഹന്‍സിംഗിന്റേയും ചിദംബരത്തിന്റേയും നേതൃത്വത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വ അടിത്തറയുള്ള സര്‍ഫാസി നിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സെക്യൂരിറ്റൈസേഷന്‍ നിയമങ്ങളാണ് 2008ല്‍ അമേരിക്കല്‍ സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിച്ചത്. ഈ നിയമപ്രകാരം കക്ഷിക്ക് സിവില്‍ കോടതിയില്‍ പോകാനുള്ള 34-ാം വകുപ്പ് അവകാശം നിഷേധിച്ചിരിക്കുകയുമാണ്.

സര്‍ഫാസി ആക്റ്റ് നിലവില്‍ വന്നതോടെ സ്വകാര്യ ബാങ്കുകളില്‍ നിന്നും പണമിടപാട് സ്ഥാപനങ്ങളിന്‍ നിന്നും കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങള്‍ ആശങ്കയിലാണ്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാല്‍ ഈട് വസ്തു ബാങ്കിനോ ബ്ലേഡ് സ്ഥാപനത്തിനോ നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും നിയമം അധികാരം നല്‍കുന്നുണ്ട്. ഇതിന് കോടതി ഉത്തരവു വേണ്ട. വായ്പാ വസ്തുവില്‍ നോട്ടീസ് പതിച്ച് ബാങ്കിന് വസ്തു ഏറ്റെടുക്കാം. ഒരു ലക്ഷത്തില്‍ താഴെ വിലയുള്ള വസ്തു ഈടുനല്‍കാത്ത വായ്പകള്‍ക്ക് നിയമം ബാധകമല്ല. മുമ്പ് കോടതി മുഖേന മാത്രമേ ജപ്തിയും ഏറ്റെടുക്കലും സാധ്യമാവുമായിരുന്നുള്ളൂ സര്‍ഫാസി നിയമം നിലവില്‍ വന്നതോടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പരമാധികാരം ധനകാര്യസ്ഥാപനങ്ങള്‍ക്കായി.

ബാങ്ക് മാനേജര്‍മാര്‍ക്ക് സൂക്ഷ്മ പരിശോധനയില്ലാതെ വന്‍ തുക വായ്പ നല്‍കാനും നിയമം അനുവദിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയോ മൂന്നു ഗഡു തിരിച്ചടവോ കുടിശ്ശികയാക്കുന്നവര്‍ക്കെതിരേ കാലാവധി പരിഗണിക്കാതെ കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് നടപടിയെടുക്കാനും സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ക്ക് കഴിയും. കൃഷിഭൂമിക്ക് ജപ്തി ബാധകമല്ലെന്നാണ് വ്യവസ്ഥയെങ്കിലും അത് ബാങ്കുകള്‍ പരിഗണിക്കാറില്ലെന്ന് സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തകര്‍ പറയുന്നു.

സര്‍ഫാസി നിയമ നടപടികള്‍ക്കെതിരെ പരാതിപ്പെടാന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ എന്ന സംവിധാനം മാത്രമാണുള്ളത്. ബാങ്കുകള്‍ക്ക് കടംപിടിച്ചു കൊടുക്കാന്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഒരു സംവിധാനമാണിത്. പരാതികളില്‍ നീതി പരമായി വിചാരണ നടത്താനോ കടാശ്വാസം നല്‍കാനോ പരിഹാരം നല്‍കാനോ ഡി.ആര്‍.ടിക്ക് നേരിട്ട് അധികാരമില്ല. കൂടാതെ, നിയമത്തിലെ 34ാം വകുപ്പ് നിയമനടപടികളില്‍ നിന്ന് ബാങ്കിന് പരിരക്ഷ നല്‍കുന്നുമുണ്ട്.

ഇനിയും അധികാരികളാരും തിരിഞ്ഞ് നോക്കിയില്ലെങ്കില്‍ വീടിന് മുന്നിലെ ചിതയില്‍ തീകൊളുത്തി മരിക്കാനും തയ്യാറാവുമെന്ന് ഷാജിയും പ്രീതയും പറയുന്നു. 24 വര്‍ഷമായി തുടരുന്ന അനിശ്ചിതാവസ്ഥ കുടിയിറക്കിലിന്റെ വക്കോളമെത്തിനില്‍ക്കുന്നു. സ്വന്തം ഭൂമി എന്നതല്ലാത്ത ഒരു വഴിയും മുന്നിലില്ലെന്ന് ഇവര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് സംഘത്തിന് വേണ്ടി കൊള്ളപ്പലിശ ഈടാക്കുന്ന ബാങ്കിനെതിരെ സമരം ശകതമാക്കുമെന്ന് മാന്നാനത്തുപാടം സമരസമിതി അംഗങ്ങളും പറയുന്നു.

ഷാജിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. സര്‍ഫാസി നിയമത്തെ പിന്‍പറ്റി സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ബാങ്കുകളുടെ ഇത്തരം കൊള്ളകള്‍ നടക്കുന്നുണ്ടെന്നാണ് രേഖകളും വാര്‍ത്തകളും വ്യക്തമാക്കുന്നത്. സ്വകാര്യ ബാങ്കുകളുടെ കൊള്ളയ്ക്കെതിരെ സര്‍ഫാസി വിരുദ്ധ സമരസമിതി പ്രവര്‍ത്തകരും ഇരകളും കഴിഞ്ഞ വര്‍ഷം കാക്കനാട് കളക്ട്രേറ്റിന് സമീപം കണ്ണുകെട്ടി സമരം നടത്തിയിരുന്നു. എറണാകുളത്തും തിരുവനന്തപുരത്തും സമാന സംഭവങ്ങള്‍ വ്യാപകമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിമിഷ ടോം

We use cookies to give you the best possible experience. Learn more