| Friday, 27th April 2018, 11:09 am

'കുടുംബ പ്രശ്‌നങ്ങള്‍ അയാളെ കാര്യമായി ബാധിച്ചിട്ടുണ്ട്.'; ഷമിയുടെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി ഡല്‍ഹിയുടെ ബൗളിംഗ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: കുടുംബപ്രശ്‌നങ്ങള്‍ മുഹമ്മദ് ഷമിയുടെ കരിയറിനെ കാര്യമായി ബാധിച്ചുവെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ബൗളിംഗ് കോച്ച് ജെയിംസ് ഹോപ്‌സ്. ഷമിക്ക് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” അയാളെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. പല കളിക്കാരും ക്രിക്കറ്റിനെ മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന ഉപാധിയായി കാണാറുണ്ട്. കളിക്കാനിറങ്ങുന്നതിന് മുന്‍പ് മറ്റ് പ്രശ്‌നങ്ങള്‍ മാറ്റിവെച്ചാണ് പലരും മൈതാനത്തിറങ്ങുന്നത്. ”

സമീപകാല ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളായിരുന്നു മുഹമ്മദ് ഷമി. എന്നാല്‍ 3 കോടി രൂപയ്ക്ക് ഡല്‍ഹിയിലെത്തിയ ഷമിയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്ന് 3 വിക്കറ്റാണ് ഷമിയുടെ സമ്പാദ്യം.


Also Read:  ഗംഭീറിന്റെ നായകമികവ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല; ബാറ്റിങ്ങ് നിരയുടെ പരാജയമാണ് ഡല്‍ഹിയുടെ തിരിച്ചടി: സഞ്ജയ് മഞ്ജരേക്കര്‍


അവസാന മത്സരത്തില്‍ അവേശ് ഖാനായിരുന്നു ഷമിയ്ക്ക് പകരം ഡല്‍ഹിക്കായി മത്സരത്തിനിറങ്ങിയത്. കൊല്‍ക്കത്തയുമായാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനത്താണ് ഡല്‍ഹി.

നേരത്തെ ടീമിന്റെ തോല്‍വികളില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു.

ഷമിയും കുടുംബവും തന്നെ ഉപദ്രവിക്കാറുണ്ടെന്നാരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ താരത്തിനെതിരെ രംഗത്തുവന്നിരുന്നു. ഗാര്‍ഹിക പീഡനത്തിലെ പല വകുപ്പുകളില്‍ പെടുത്തിയാണ് ജഹാന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരേയും കുടുംബത്തിനെതിരേയും കേസെടുത്തിരിക്കുന്നത്.


Also Read:  ‘എന്നാ പിന്നെ തനിക്ക് ഉരുട്ടിയെറിഞ്ഞൂടെ’; മലിംഗയുടെയും കേദാര്‍ ജാദവിന്റെയും കോംമ്പിനേഷനുമായി മനോജ് തിവാരിയുടെ ബൗളിങ്ങ് ആക്ഷന്‍; വൈറലായി വീഡിയോ


മെയ് നാലിനാണ് കേസ് വീണ്ടും കേള്‍ക്കുന്നത്. ഷമി, അമ്മ അഞ്ജുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരേ ചൊവ്വാഴ്ച രാവിലെയാണ് ജഹാന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 8 നായിരുന്നു ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more