| Saturday, 27th October 2012, 12:50 am

ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോക്ക് 15,000 കോടിയുടെ സമ്പാദ്യമുള്ളതായി ന്യൂയോര്‍ക്ക് ടൈംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുടെ കുടുംബം കോടികളുടെ സ്വത്ത് സമ്പാദിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

വെന്നിന്റെ അടുത്ത ബന്ധുക്കള്‍ക്കെല്ലാം കൂടി 270 കോടി യു. എസ്. ഡോളറിന്റെ ( ഏതാണ്ട് 15,000 കോടി രൂപ ) സമ്പാദ്യമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.[]

ഇന്‍ഷുറന്‍സ് മേഖലയിലും  വിവിധ വ്യവസായങ്ങളിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്തുമുള്ള വെന്‍ ജിയാബോയുടെ നിക്ഷേപങ്ങളാണിത്. വെന്നിന്റെ പേരില്‍ നിക്ഷേപങ്ങളൊന്നുമില്ലെങ്കിലും ഈ പണമെല്ലാം അദ്ദേഹത്തിന്റെ രഹസ്യസമ്പാദ്യമായിരിക്കാമെന്നാണ് പത്രത്തിന്റെ നിഗമനം.

വെന്നിന്റെ 90 വയസ്സായ അമ്മയ്ക്ക് ഒരു ധനകാര്യ കമ്പനിയില്‍ മാത്രം 12 കോടി ഡോളറിന്റെ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പണം എവിടെനിന്ന് വന്നെന്ന് ആര്‍ക്കുമറിയില്ല.

വെന്നിന്റെ മകനും മകളും ഇളയ സഹോദരനും ഭാര്യാ സഹോദരനുമെല്ലാം ഇതുപോലെ കോടികളുടെ നിക്ഷേപമുണ്ട്. ഭാര്യയ്ക്കും പരോക്ഷമായി പല സ്ഥാപനങ്ങളിലും മുതല്‍മുടക്കുണ്ട്. വെന്‍ 2002ലാണ് ചൈനയുടെ പ്രധാനമന്ത്രിയായത്.

താന്‍ തീര്‍ത്തും പാവപ്പെട്ട കുടുംബത്തില്‍നിന്നാണ് വരുന്നതെന്ന് വെന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും വെന്നിന്റെ പേരില്‍ കാര്യമായ സമ്പാദ്യമൊന്നുമില്ല. എന്നാല്‍, അദ്ദേഹം പ്രധാനമന്ത്രിയായിരിക്കേ കുടുംബാംഗങ്ങളുടെ സമ്പാദ്യം കുതിച്ചുയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തനിയ്‌ക്കെതിരെയുള്ള ആരോപണം ചൈനയെ അപകീര്‍ത്തിപ്പെടുത്താനുള്ള പാശ്ചാത്യശ്രമങ്ങളുടെ ഭാഗമാണെന്നാണ് വെന്‍ ജിയാബോ പറയുന്നത്. ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് ശേഷം ന്യൂയോര്‍ക്ക് ടൈംസിന്റെ വെബ്‌സൈറ്റിനും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മറ്റു സൈറ്റുകള്‍ക്കും ചൈനീസ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more