ഹത്രാസ് കൂട്ടബലാത്സംഗം; ഉത്തരവുണ്ടായിട്ടും പെണ്‍കുട്ടിയുടെ കുടുംബത്തെ യു.പി സര്‍ക്കാര്‍ മാറ്റിപാർപ്പിച്ചില്ല: അലഹബാദ് ഹൈക്കോടതി
national news
ഹത്രാസ് കൂട്ടബലാത്സംഗം; ഉത്തരവുണ്ടായിട്ടും പെണ്‍കുട്ടിയുടെ കുടുംബത്തെ യു.പി സര്‍ക്കാര്‍ മാറ്റിപാർപ്പിച്ചില്ല: അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2024, 3:31 pm

ലഖ്നൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ പുനരധിവസിപ്പിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. 2022 ജൂലൈയില്‍ സ്ഥലം മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തെ പുനരധിവസിപ്പിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി അറിയിച്ചു.

വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്.ബി. പാണ്ഡെയ്ക്ക് കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബം ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് കോടതിയുടെ നീക്കം.

പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും കുടുംബാംഗങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് കോടതി പറഞ്ഞു. പുറത്തിറങ്ങുന്ന പെണ്‍കുട്ടിയുടെ കുടുബാംഗങ്ങള്‍ക്ക് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സുരക്ഷ നല്‍കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് രാജന്‍ റോയ്, ജസ്പ്രീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ ഗാസിയാബാദ്, നോയിഡ തുടങ്ങിയ, അവര്‍ താത്പര്യം പ്രകടിപ്പിക്കുന്ന ജില്ലകളിലേക്ക് മാറ്റിപാര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

2020 സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19 കാരിയായ ഒരു ദളിത് പെണ്‍കുട്ടിയെ സവര്‍ണ വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. എതിര്‍ത്ത പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ കെട്ടി വലിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പെണ്‍കുട്ടി മരണപ്പെടുന്നത്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കളുടെ അനുമതി പോലും തേടാതെ അര്‍ധരാത്രിയില്‍ പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

കേസില്‍ പ്രതികളായ നാലില്‍ മൂന്ന് പേരേയും 2023 മാര്‍ച്ചില്‍ പ്രത്യേക കോടതി തെളിവില്ലെന്ന കാരണം പറഞ്ഞ് വെറുതെ വിട്ടു. ഒരാളെ ജീവപര്യന്തം ശിക്ഷിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമോ ബലാത്സംഗമോ ചുമത്തിയിരുന്നില്ലെന്നതും പ്രധാനമാണ്. അതേസമയം ബന്ധുക്കളുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും കോടതി ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Family of Dalit girl gang-raped in Hathras not rehabilitated, says Allahabad High Court