| Friday, 7th August 2020, 11:44 am

'കുറുപ്പ് സിനിമ, സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തണം'; ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടീസയച്ച് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആലപ്പുഴ: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ സുകുമാരക്കുറുപ്പിന്റെ കഥയെന്ന രീതിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പ് എന്ന സിനിമയ്‌ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. ഫിലിം റപ്രസെന്റേറ്റീവ് ആയിരുന്ന ചാക്കോയുടെ ഭാര്യയും മകനുമാണ് സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് ചാക്കോയുടെ ഭാര്യയായ ശാന്തമ്മയും മകന്‍ ജിതിനും ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരാരും തന്നെ തന്നെയോ കുടംബത്തെയോ സമീപിച്ചിട്ടില്ലെന്നും ശാന്തമ്മ മലയാള മനോരമയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്ട് പ്രവൃത്തികളെ ന്യായീകരിക്കുന്ന തരം വിവരണങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അഭിഭാഷകന്‍ ടിടി സുധീഷ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ചാക്കോ കൊല്ലപ്പെടുമ്പോള്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു ശാന്തമ്മ. ജിതിന്‍ ഇവരുടെ ഒറ്റമകനാണ്.

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായിരുന്ന ജൂലൈ 28 ന് തലേനാള്‍ ആണ് കുറുപ്പ് ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തിറങ്ങിയത്.
സിഗററ്റ് അകലേക്ക് വലിച്ചെറിഞ്ഞ് ബെന്‍സ് കാറില്‍ കയറി യാത്ര തുടരുന്ന ദൃശ്യമാണ് പുറത്തുവിട്ടത്.

സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കുന്നത്. 35 കോടി് മുടക്കുമുതലുള്ള ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്.

നിമിഷ് രവിയുടെതാണ് ക്യാമറ. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമൊരുക്കുന്നത്.
പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന്‍ കെ ജോസ് കഥയും, ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവര്‍ തിരക്കഥയുമൊരുക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more