ബന്ദി കൈമാറ്റത്തിന് വിലങ്ങുതടി; നെതന്യാഹുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇസ്രഈലി ബന്ദികളുടെ കുടുംബാംഗങ്ങള്‍
World News
ബന്ദി കൈമാറ്റത്തിന് വിലങ്ങുതടി; നെതന്യാഹുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇസ്രഈലി ബന്ദികളുടെ കുടുംബാംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th December 2024, 2:29 pm

ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇസ്രഈലി ബന്ദികളുടെ കുടുംബാംഗങ്ങള്‍.

ഗസയുമായുള്ള ബന്ദി കൈമാറ്റം സംബന്ധിച്ച കരാര്‍ തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബങ്ങള്‍ രംഗത്തെത്തിയത്. ഇസ്രഈലി ദിനപത്രമായ യെദിയോത്ത് അഹ്റോനോത്തിനെ ഉദ്ധരിച്ച് അനഡോലു ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസിന്റെ തടങ്കലില്‍ ഇനിയും തുടരുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കുടുംബങ്ങള്‍ അറിയിച്ചത്. നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ട് കുടുംബങ്ങള്‍ നെതന്യാഹുവിനു കത്തയക്കുകയായിരുന്നു.

ബന്ദി കൈമാറ്റം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് നെതന്യാഹു ഒരു തടസമായി പ്രവര്‍ത്തിച്ചുവെന്ന് കത്തില്‍ കുടുംബങ്ങള്‍ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹു മുന്നോട്ടുവെച്ച നടപടികളും നിലപാടുകളും മൂലം ഗസയില്‍ വെടിനിര്‍ത്തല്‍ വൈകിയെന്നും കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇസ്രഈലിന്റെ രൂക്ഷസ്വഭാവുള്ള ഗസയിലേക്കുള്ള അധിനിവേശം ബന്ദി കൈമാറ്റത്തിന് വിനയായെന്നും കുടുംബാംഗങ്ങള്‍ കത്തില്‍ പരാമര്‍ശിച്ചു.

കഴിഞ്ഞ ആഴ്ച ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ ഗസയില്‍ യുദ്ധം തുടരുമെന്ന് നെതന്യാഹു വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞിരുന്നു. ഗസയില്‍ ഇസ്രഈല്‍ സുരക്ഷാ നിയന്ത്രണം തുടരുമെന്നും അതിര്‍ത്തികളില്‍ ബഫര്‍ സോണുകള്‍ സ്ഥാപിക്കുമെന്നും പ്രതിരോധ മന്ത്രി ഇസ്രേല്‍ കാറ്റ്‌സും പ്രഖ്യാപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ഇസ്രഈലി ബന്ദികളുടെ കുടുംബാംഗങ്ങള്‍ നെതന്യാഹുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

നേരത്തെ യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും ഇസ്രഈലി ബന്ദികള്‍ ഗസയില്‍ എവിടെയാണെന്നതില്‍ ഇസ്രഈലിന് വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇസ്രഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്‍ ആണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബന്ദികളെ ഹമാസ് എവിടെയാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് നെതന്യാഹു സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നത്.

ബന്ദികളാക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഇന്റലിജന്‍സിന്റെ അഭാവം ഇസ്രഈലിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഇസ്രഈലി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു കെ.എ.എന്‍ റിപ്പോര്‍ട്ട്.

ഹമാസ് പറയുന്നത് പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ നടക്കുന്ന ഇസ്രഈല്‍ ആക്രമണത്തില്‍ 33 ബന്ദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിലെ ഇസ്രഈല്‍ കണക്കുകള്‍ അനുസരിച്ച് ഹമാസിന്റെ തടങ്കലില്‍ ഇനിയും 100 ബന്ദികള്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം തെക്കന്‍ ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ 251 ഇസ്രഈലികളെയാണ് ഹമാസ് ബന്ദികളാക്കിയത്. ഹമാസ് തടവിലാക്കിയ 101 പേരെ ഒരുമിച്ച് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 2024 നവംബര്‍ മൂന്നിന് ബന്ദികളുടെ കുടുംബം ഇസ്രഈലില്‍ പ്രതിഷേധം നടത്തിയിരുന്നു.

Content Highlight: Family members of Israeli hostages say they will take legal action against Netanyahu