| Tuesday, 5th September 2023, 8:40 am

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ആറ് വര്‍ഷം; വിചാരണ ഇഴഞ്ഞുനീങ്ങുന്നു, അതിവേഗ കോടതി വേണമെന്ന് കുടുംബാംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വിചാരണ നീണ്ടുപോകുന്നതില്‍ അതൃപ്തിയുമായി കുടുംബാംഗങ്ങള്‍. വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക അതിവേഗ കോടതി വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് സെപ്റ്റംബര്‍ അഞ്ചിന് ആറ് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.

വിചാരണയുടെ മെല്ലെപ്പോക്കില്‍ അതൃപ്തിയുണ്ടെന്നും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ഗൗരിയുടെ ഇളയ സഹോദരിയായ കവിത ലങ്കേഷ് പറഞ്ഞു. ‘കുറ്റപത്രം സമര്‍പ്പിച്ചിട്ട് അഞ്ച് വര്‍ഷമാവുന്നു. എന്നാല്‍ വിചാരണ ഇഴഞ്ഞ് നീങ്ങുകയാണ്. വിചാരണയുടെ മെല്ലെപ്പോക്കില്‍ ഞങ്ങള്‍ അതൃപ്തരാണ്. നടപടികള്‍ വേഗത്തിലാക്കണം. സര്‍ക്കാര്‍ വിചാരണ വേഗത്തിലാക്കുമെന്നും പ്രതികളെ പിടികൂടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്,’ കവിത പറഞ്ഞു.

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം 2018ല്‍ കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് പ്രകാരം കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ വ്യാപനവും പ്രതിഭാഗത്തിന്റെ തുടര്‍ ഹരജികളും വിചാരണ തുടങ്ങുന്നത് വൈകിപ്പിക്കുകയായിരുന്നു. 2022 മാര്‍ച്ച് അവസാനത്തോടെ വിചാരണ ആരംഭിച്ചതിനുശേഷം മൂന്ന് ജഡ്ജിമാരാണ് മാറിയത്. കേസിലെ 500-ലധികം സാക്ഷികളില്‍ 83 പേരെ മാത്രമാണ് ഇതുവരെ കോടതിയില്‍ വിസ്തരിച്ചത്.

അതിവേഗത്തിലുള്ള വിചാരണയാണ് ഇപ്പോള്‍ ആവശ്യമെന്നും കേസിനായി പ്രേത്യേക കോടതി സ്ഥാപിച്ചാലെ അത് ഉറപ്പ് വരുത്താനാകൂവെന്നും ഗൗരി മെമ്മോറിയല്‍ ട്രസ്റ്റ് അംഗമായ പ്രൊഫസര്‍ വി.എസ്. ശ്രീധര്‍ പറഞ്ഞു.

നടപടികള്‍ വേഗത്തിലാക്കാന്‍ ദിവസേന പ്രവര്‍ത്തിക്കുന്ന അതിവേഗ കോടതി ആവശ്യമാണെന്നും ഗൗരി ലങ്കേഷിന് മാത്രമല്ല, കുറ്റാരോപിതര്‍ക്ക് കൂടി നീതി ലഭിക്കേണ്ടതിന് കൂടിയാണ് ഇത് പറയുന്നതെന്നും ഗൗരി ലങ്കേഷിന്റെ സുഹൃത്തും ആക്ടിവിസ്റ്റുമായ ശിവസുന്ദര്‍ പറഞ്ഞു.

2017 സെപ്തംബര്‍ അഞ്ചിനാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വസതിക്ക് പുറത്ത് വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു.

സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ അവര്‍ മരിച്ചു.

സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് കേസില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

Content Highlight: Family members of Gauri Lankesh are unhappy over the long delay in the trial of case

We use cookies to give you the best possible experience. Learn more