ആലപ്പുഴ: കേരളം പല കാര്യങ്ങളിലും മാതൃകയാണെന്നും രാജ്യം വീണ്ടും വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ ഒരു ഇടത് പക്ഷ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയെന്നും ഭഗത് സിങ്ങിന്റെ പിന്മുറക്കാര്‍. ഇവിടെ ജനങ്ങള്‍ ഒരുമയോടെ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും അങ്ങനെ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ രാജ്യത്ത് സംഭവിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഭഗത് സിങ്ങിന്റെ ഇളയ സഹോദരി ബീബീ പ്രകാശ് കൗറിന്റെ മക്കളായ ഗുര്‍ജിത് കൗര്‍ ഭട്ടും സര്‍ദാര്‍ ഹകുമത് സിങ്ങും കേരള സന്ദര്‍ശനത്തിനിടെ ദേശാഭിമാനിയോടാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്. സമത പബ്ലിഷിങ് പുറത്തിറക്കുന്ന 90ാമത് പുസ്തകമായ ഹസ്രത് മോഹാനി ‘ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായിരുന്നു ഇരുവരും ആലപ്പുഴയിലെത്തിയത്.
ധീരദേശാഭിമാനികള്‍ക്ക് ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുവും മുസ്‌ലിമും ചേര്‍ന്നതായിരുന്നെന്നും എന്നാല്‍ അവര്‍ ഉണ്ടാക്കിയതെല്ലാം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നശിപ്പിക്കുകയാണെന്നും ഇരുവരും വിമര്‍ശിച്ചു, സ്വാതന്ത്ര്യ സമര സേനാനികള്‍ നേടിയതെല്ലാം കേന്ദ്ര ഭരണകൂടം നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
‘മാനവികക്കെതിരെ അവര്‍ ദേശീയതയെ ആയുധമാക്കുന്നു. ഭഗത് സിങ് അടക്കമുള്ള ധീരദേശാഭിമാനികള്‍ക്ക് ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുവും മുസല്‍മാനും എല്ലാവരും ചേര്‍ന്നതായിരുന്നു.
അത് ഹിന്ദുക്കളുടെ രാജ്യമാക്കാന്‍ ശ്രമിക്കുകയാണ് ഫാസിസ്റ്റുകള്‍. രാജ്യസ്‌നേഹമെന്നതിന് പുതിയ അര്‍ഥങ്ങള്‍ ഉണ്ടാക്കുകയാണ് ഫാസിസം,’ അവര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരുന്നു ഭഗത് സിങ്ങിന്റെ രാഷ്ട്രീയമെന്നും ഇരുവരും പറഞ്ഞു.
‘എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരുന്നു ഭഗത് സിങ്ങിന്റെ രാഷ്ട്രീയം. അതിനായി നന്നേ ചെറുപ്പത്തിലേ ജീവന്‍ ത്യജിച്ചു.
ഒരു പക്ഷേ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് തൂക്കുമരത്തില്‍ നിന്ന് രക്ഷനേടാമായിരുന്നു. എന്നാല്‍ അവരെല്ലാം മരണം തെരഞ്ഞെടുത്തു,’ അവര്‍ പറഞ്ഞു.
പാരമ്പര്യമായി കര്‍ഷകരാണ് തങ്ങളെന്നും കര്‍ഷക ബില്ലിനെതിരെ 11 മാസത്തോളം സമരം ചെയ്തുവെന്നും ഗുര്‍ജിത് കൗര്‍ ഭട്ടും സര്‍ദാര്‍ ഹകുമത് സിങ്ങും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് വില്‍ക്കുകയാണെന്നും അതിലൂടെ അധികാരം വാങ്ങുകയാണെന്നും അവര്‍ പറഞ്ഞു.
‘തങ്ങള്‍ക്ക് കീഴടങ്ങാത്ത സംസ്ഥാനങ്ങളെ ഏജന്‍സികള്‍ ഉപയോഗിച്ച് അക്രമിക്കും. രാജ്യത്തിന്റെ പൊതു ചിത്രം ഇന്നിതാണ്. എന്നാല്‍ ഈ അപകടത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിനാകില്ല.
ബ്രിട്ടീഷുകാരില്‍ നിന്ന് ലഭിക്കുക പൂര്‍ണ സ്വാതന്ത്ര്യമാവില്ല. തുടര്‍ വിപ്ലവങ്ങളിലൂടെ മാത്രമേ എല്ലാവര്‍ക്കും ഇടമുള്ള ഇന്ത്യയെ സൃഷ്ടിക്കാനാകുവെന്ന് ഭഗത് സിങ്ങ് പറയുമായിരുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട്,’
ഇത്തരം വിപ്ലവങ്ങളെ അപേക്ഷിച്ചാവും ഇന്ത്യയുടെ ഭാവിയെന്നും ഇരുവരും പറഞ്ഞു.
content highlight: family members of bhagathsingh says about kerala and central goverments action