ദുഖ വെള്ളി വിവാദം;'കുടുംബ' കാര്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Daily News
ദുഖ വെള്ളി വിവാദം;'കുടുംബ' കാര്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th April 2015, 5:13 pm

dattu
ന്യൂദല്‍ഹി: ദുഖ വെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിച്ചത് “കുടുംബ” കാര്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു. വിവാദം കുടുംബത്തിനകത്ത് തന്നെ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ദിവസമായ ദുഖ വെള്ളിയാഴ്ച യോഗം ചേരുന്നതിനെതിരെയുള്ള സുപ്രീം കോടതി ജഡ്ജ് ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ കത്തിനെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിന്റെ അധിപന്‍ താനാണ് ഏതെങ്കിലും അംഗം തന്നെ ചോദ്യം ചെയ്താല്‍  അത് ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂവെന്നും വിവാദം കുടുംബത്തിന് പുറത്തേക്ക് പോകേണ്ടതില്ലെന്നും ജസ്റ്റിസ് ദത്തു പറഞ്ഞു.

ദുഖ വെള്ളി ദിവസം ന്യായാധിപന്‍മാരുടെ യോഗം വിളിച്ചതിനെതിരെ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്തായിരുന്നു.

മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ പോകേണ്ടതിനാല്‍ പ്രധാനമന്ത്രിയുടെ അത്താഴ വരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും. പരിപാടികള്‍ നടത്തുമ്പോള്‍ എല്ലാ മതാചാരപരമായ വിശുദ്ധ ദിവസങ്ങള്‍ക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്‍കണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.

ദുഖവെള്ളി ദിവസം ജഡ്ജുമാരുടെ യോഗം വിളിച്ചതിനെതിരെ നേരത്തെ ഇദ്ദേഹം ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിനും കത്ത് എഴുതിയിരുന്നു