| Monday, 28th January 2019, 11:18 am

കൈവിടാനാകില്ല; സലായ്ക്ക് വേണ്ടി സ്വന്തം നിലക്ക് തെരച്ചില്‍ ആരംഭിച്ച് ബന്ധുക്കള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ദുരൂഹ സാഹചര്യത്തില്‍ വിമാന യാത്രക്കിടെ കാണാതായ ഫുട്‌ബോള്‍ താരം എമിലിയാനോ സലായ്ക്ക് വേണ്ടി സ്വന്തം നിലക്ക് തെരച്ചില്‍ ആരംഭിച്ച് ബന്ധുക്കള്‍. കാണാതായി ഒരാഴ്ച്ച പിന്നിട്ടിട്ടും താരത്തെ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും, പൊലീസ് തെരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളുടെയും എന്‍.ജി.ഓകളുടെയും സഹായത്തോടെ തെരച്ചില്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച റെക്കോര്‍ഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയതിന് പിന്നാലെയാണ് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേ താരത്തെ കാണാതായത്.

Read Also : മിഡ് വിക്കറ്റില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയുടെ മാസ്മരിക ക്യാച്ച്; ഞെട്ടി വില്യംസണ്‍ – വീഡിയോ

തെരച്ചിലിനായി നടത്തിയ ഫണ്ട് റൈസിംഗ് പരിപാടിക്ക് വലിയ പിന്തുണയാണ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. സലായ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ 177 കോടി രൂപയാണ് ഫുട്ബോള്‍ ആരാധകര്‍ ഇതിനകം പിരിച്ചത്. സലായ്ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ 80,000 ആളുകള്‍ ഒപ്പിട്ട പെറ്റീഷനും ഫ്രാന്‍സ് ഫുട്ബോള്‍ ആരാധകര്‍ ഒരുക്കുന്നുണ്ട്.

വിമാനം തകരുന്നതിന് മുമ്പ് സല കുടുംബാംഗങ്ങുമായി നടത്തിയ സംസാരത്തിന്റെ പൂര്‍ണരൂപം നേരത്തെ പുറത്തുവന്നിരുന്നു. “ഒന്നര മണിക്കൂറിനുള്ളില്‍ എന്നെ കുറിച്ച് വിവരമൊന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താന്‍ ആരെയെങ്കിലും പറഞ്ഞയക്കേണ്ടി വരുമോയെന്ന് എനിക്കറിയില്ല. എനിക്ക് ഭയമാകുന്നു” എന്നായിരുന്നു സലയുടെ അവസാന വാക്കുകള്‍.

തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. അഞ്ചു വിമാനങ്ങളും രണ്ടു ലൈഫ് ബോട്ടുകളും ഉള്‍പ്പെട്ട രക്ഷാസംഘം ഉടന്‍ രംഗത്തെത്തി മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.

ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള “പൈപ്പര്‍ പി.എ46 മാലിബു” ചെറുവിമാനമാണ് കാണാതായത്. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി “പ്ലെയര്‍ ഓഫ് ദ മന്ത്” പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

We use cookies to give you the best possible experience. Learn more