മരിച്ച ഭര്‍ത്താവ് തിരിച്ചുവരുമെന്ന് കരുതി ഭാര്യയും മക്കളും മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് മാസത്തോളം; സംഭവം മലപ്പുറത്ത്
Daily News
മരിച്ച ഭര്‍ത്താവ് തിരിച്ചുവരുമെന്ന് കരുതി ഭാര്യയും മക്കളും മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് മാസത്തോളം; സംഭവം മലപ്പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th July 2017, 5:46 pm

മലപ്പുറം: മരിച്ച ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഭാര്യയും മക്കളും മൂന്ന് മാസത്തോളം കാവലിരുന്നു. കൊളത്തൂര്‍ അമ്പലപ്പടിയിലാണ് ഞെട്ടിക്കുന്ന സംഭവം.വാഴയില്‍ സെയ്ദ് എന്ന ഗൃഹനാഥനെ (55)ആണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൂന്ന് മാസത്തോളമായി ഇയാളെ സമീപവാസികള്‍ കണ്ടിട്ടില്ല. അയല്‍ വീട്ടുകാരോട് ബന്ധമില്ലാത്തതിനാല്‍ ആരും അന്വേഷിച്ചതുമില്ല.

കഴിഞ്ഞ ദിവസം ഇവരുടെ ഒരു ബന്ധു കല്യാണം ക്ഷണിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതില്‍ സംശയം തോന്നിയപ്പോള്‍ കൊളത്തൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ പുറവും പരിസരവും കണ്ടാല്‍ ആള്‍താമസമില്ലാത്ത വീടെന്ന് തോന്നിപോകുമായിരുന്നു.


Also Read: ലുങ്കി മടക്കിക്കുത്തി പാടത്തെ ചെളിയിലിറങ്ങി സി.കെ വിനീത്; കണ്ണൂര്‍ കൊമ്പന്റെ പാടത്തെ പണി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്


മഴു ഉപയോഗിച്ച് വീടിന്റെ വാതില്‍ കുത്തി തുറന്ന് അകത്തു കയറിയപ്പോള്‍ പോലീസ് കണ്ടത് ഞെട്ടുന്ന കാഴ്ച്ച. വീടിനകത്തെ ഒരു മുറിയില്‍ അസ്ഥികൂടമാകാന്‍ തുടങ്ങിയ സെയ്ദിന്റെ മൃതദേഹത്തിനരികെ ഭാര്യയും മക്കളും ഇരിക്കുന്നു.

മൂന്ന് മാസത്തോളം മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് സൂചന. ഇത്രയും കാലം വീടീനകത്ത് മൃതദേഹം സൂക്ഷിച്ചുവച്ച സംഭവം ഒരു നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിന് പിന്നില്‍ മന്ത്രവാദമാണെന്ന് സംശയമുണ്ട്. സെയ്ദിന്റെ ഭാര്യ റാബിയ,വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍മക്കള്‍ മൂത്ത ആണ്‍കുട്ടി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും

റിപ്പോര്‍ട്ട്: അനീഷ് വലിയകുന്ന്