| Wednesday, 3rd May 2023, 8:26 pm

പെണ്ണാകുമ്പോള്‍ കല്യാണം കഴിക്കണം, പ്രസവിക്കണം, കുഞ്ഞിനെ നോക്കണം; സ്ത്രീയെ സംബന്ധിച്ച് അഭിനയത്തേക്കാള്‍ വലുത് കുടുംബമാണ്: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീയെ സംബന്ധിച്ച് അഭിനയത്തേക്കാള്‍ വലുത് കുടുംബമാണെന്ന് നടി ഷീല. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം പറഞ്ഞത്. സിനിമ മേഖലയില്‍ നടിമാര്‍ അനുഭവിക്കുന്ന അനീതികളെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരമായാണ് ഷീല ഇത് പറഞ്ഞത്.

‘മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം എത്രയോ വര്‍ഷങ്ങള്‍ എടുത്താണ് ഈ പേരുണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ അവര്‍ക്കൊപ്പവും അവര്‍ക്ക് ശേഷവും എത്രയോ നടിമാര്‍ വന്നു. അവരെല്ലാം ഓരോ ബ്രേക്കെടുക്കുകയാണുണ്ടായത്. കാരണം പെണ്ണെന്ന് പറഞ്ഞാല്‍ അവര്‍ കല്യാണം കഴിക്കണം, പ്രസവിക്കണം, കുഞ്ഞിനെ നോക്കണം ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് ശാരീരികമായി തന്നെ ഒരുപാട് വ്യത്യാസങ്ങളും ചുമതലകളുമുണ്ട്

എന്നാല്‍ ഈ ചുമതലകളൊന്നും ആണിന് ഇല്ല. അതുകൊണ്ട് തന്നെ അവര്‍ തുടര്‍ച്ചയായി നിരവധി സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നു. നടിമാര്‍ക്ക് അങ്ങനെയാകാന്‍ പറ്റാത്തതിന് കാരണം പെണ്ണാണ് നടി എന്നത് കൊണ്ടാണ്. അവര്‍ക്ക് ഒരുപാട് ചുമതലകളുണ്ട്.

കുഞ്ഞിനെ നോക്കാന്‍ വേണ്ടിയാണ് ഞാന്‍ തന്നെ ബ്രേക്ക് എടുത്തത്. ഭര്‍ത്താക്കന്‍മാര്‍ക്ക് ആ ഉത്തരവാദിത്തങ്ങള്‍ വരുന്നില്ല. ഭാര്യ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് മാറിനില്‍ക്കാം. അതൊരു തെറ്റായി തോന്നുന്നില്ല.

സ്ത്രീയെ സംബന്ധിച്ച് അഭിനയിക്കുന്നതിനേക്കാള്‍ വലുത് കുടുംബമാണ്. ആയിരം പുരുഷന്‍മാരുണ്ടെങ്കിലും ഒരു സ്ത്രീയുണ്ടെങ്കിലേ അതൊരു കുടുംബമാകൂ. സ്ത്രീകളാകുമ്പോള്‍ ഒരുപാട് റോളുകള്‍ ചെയ്യണം ജീവിതത്തില്‍. അതില്‍ നാം അഭിമാനിക്കുകയാണ് വേണ്ടത്. ഞാനൊരു അമ്മയായി, നല്ലൊരു മകനെ പ്രസവിച്ചു എന്നതാണ് ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും അഭിമാനകരമായി കാണുന്നത്’ ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഷീല പറഞ്ഞു.

content highlights; Family is bigger than acting for woman: Sheela

We use cookies to give you the best possible experience. Learn more