| Monday, 28th October 2019, 9:36 pm

'നിങ്ങള്‍ പാക്കിസ്ഥാനിലെ തീവ്രവാദികളാണോ?'; ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നില്ലെന്നാരോപിച്ച് തിയേറ്ററില്‍ കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമം, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നില്ലെന്നാരോപിച്ച് സിനിമാ തിയേറ്ററില്‍ കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമം. ബെംഗളൂരു മല്ലേശ്വരം ഓറിയോണ്‍ മാളിലെ പി.വി.ആര്‍ തിയേറ്ററിലാണ് സംഭവം.

സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്ന ആളുകള്‍ അടക്കമുള്ളവരാണ് ദേശവിരുദ്ധരരെന്നു ആരോപിച്ചു നാലംഗ കുടുംബത്തെ ആക്രമിച്ചത്. പിന്നീട് കുടുംബത്തെ തിയേറ്ററില്‍ നിന്നും ഇറക്കിവിട്ടു. ധനുഷ് നായകനായ അസുരന്‍ സിനിമയുടെ സ്‌ക്രീനിങ്ങിനിടെയാണ് സംഭവം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നടി ബി.വി ഐശ്വര്യയുടേയും നടന്‍ അരു ഗൗഡയുടേയും നേതൃത്തിലുള്ളവരാണ് ഇവരെ ഇറക്കിവിട്ടത്. ഐശ്വര്യ തന്നെയാണ് കുടുംബത്തെ ആക്രമിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ ആദ്യം ഷെയര്‍ ചെയ്തത്.

‘ഈ രാജ്യത്തെ പൗരന്മാര്‍ എന്ന് സ്വയം പറയുന്നവര്‍ ദേശീയ ഗാനം വയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നില്ല, എന്നാല്‍ ഇവിടുത്തെ ശരിയായ പൗരന്മാര്‍ ഈ ഇന്ത്യാവിരുദ്ധരെ ഒരു പാഠം പഠിപ്പിച്ചു’- ഐശ്വര്യ വീഡിയോ ഷെയര്‍ ചെയ്ത് ഫേസ്ബുക്കില്‍ കുറിച്ചു.

‘മൂന്നു മണിക്കൂര്‍ സിനിമ ഇരുന്നു കാണുന്ന നിങ്ങള്‍ക്ക് 52 സെക്കന്റ് രാജ്യത്തിനായി നില്‍ക്കാന്‍ പറ്റില്ലല്ലേ?. നിങ്ങള്‍ പാക്കിസ്ഥാനിലെ തീവ്രവാദികളാണോ?’. വീഡിയോയില്‍ ഒരാള്‍ കുടുംബത്തോട് ചോദിക്കുന്നത് കേള്‍ക്കാം.

അതേസമയം, ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് കുടുംബം മോശമായി സംസാരിച്ചെന്നും സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കുമ്പോള്‍ കുടുംബത്തിലെ ഒരാള്‍ സീറ്റിലിരുന്നു മൊബൈലില്‍ കളിക്കുകയായിരുന്നെന്നും നടന്‍ അരു ഗൗഡ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

‘ആര്‍മിയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. കുടുംബത്തിനെതിരെ പ്രതിഷേധവുമായി സിനിമ കാണാനെത്തിയ നൂറോളം പേര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായും’ അരു ഗൗഡ അവകാശപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ഇന്ത്യയുടെ വിപരീതം പാകിസ്ഥാന്‍ ആണെന്നത് തനിക്ക് പുതിയ അറിവാണെന്ന് ആക്രമത്തിനിരയായവരില്‍ ഒരാളായ സ്ത്രീ പ്രതികരിച്ചു.

പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് പൊലീസിന്റെ പ്രതികരണം. വീഡിയോ പരിശോധിച്ച ശേഷം ദേശീയ ഗാനത്തെ അപമാനിച്ചതായി തെളിവുണ്ടെങ്കില്‍ കുടുംബത്തിനെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി.

നേരത്തെ ബെംഗളൂരുവിലെ തന്നെ ഗരുഡ മാളിലുള്ള തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റുനില്‍ക്കാത്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്് വിവാദമായിരുന്നു.

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ല എന്നും ആരേയെങ്കിലും എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന വിധത്തില്‍ സദാചാര പൊലീസിംഗ് അനുവദിക്കില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

We use cookies to give you the best possible experience. Learn more