അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി
India
അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th January 2014, 1:06 pm

[] ചെന്നൈ: എം. കരുണാനിധിയുടെ മകന്‍ അഴഗിരിയെ ഡി.എം.കെയില്‍ നിന്നും പുറത്താക്കി.

കരുണാനിധിയുടെ മൂത്തമകനാണ് അഴഗിരി. പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഡി.എം.കെയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയതെന്ന് പാര്‍ട്ടി അറിയിച്ചു.

2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയ പരാജയം എറ്റുവാങ്ങിയപ്പോള്‍ ഡി.എം.കെ.യുടെ സൗത്ത് ഓര്‍ഗനൈസിങ് സെക്രട്ടറിയായി എം.കെ. അഴഗിരിയെ നിയമിച്ചിരുന്നു.

എന്നാല്‍ പിന്നീട് ശ്രീലങ്കന്‍ തമിഴ്പ്രശ്‌നത്തില്‍ ഡി.എം.കെ. യു.പി.എ.സര്‍ക്കാറില്‍നിന്ന് മന്ത്രിമാരെ പിന്‍വലിച്ചതിനുശേഷം മുന്‍ കേന്ദ്രമന്ത്രികൂടിയായ അഴഗിരി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നില്ല.

നേരത്തെ അര്‍ഹതയില്ലാതെ സ്ഥാനമാനങ്ങള്‍ വഹിച്ചതിന്റെ പേരില്‍ അഴഗിരിയുടെ അഞ്ച് വിശ്വസ്തരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ മധുരയില്‍ പോസ്റ്ററുകള്‍ പതിച്ചതിനായിരുന്നു ഇവര്‍ക്കെതിരെ നടപടി എടുത്തത്.

ഡിസംബര്‍ 15ന് നടന്ന പാര്‍ട്ടി ജനറല്‍കൗണ്‍സില്‍ യോഗത്തില്‍ അഴഗിരി പങ്കെടുത്തിരുന്നില്ല.

എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍ കരുണാനിധി എന്നിവര്‍ ഒന്നിച്ചിരിക്കുന്ന പോസ്റ്ററുകള്‍ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിന് സമീപം പതിക്കുകയും ചെയ്തിരുന്നു.

അഴഗിരിയുടെ ജന്മദിനമായ ജനവരി 30ന് പാര്‍ട്ടി ജനറല്‍കൗണ്‍സില്‍ മധുരയില്‍ നടക്കുമെന്നും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പാര്‍ട്ടിയില്‍ പോര് രൂക്ഷമായതിനെത്തുടര്‍ന്ന് അഴഗിരിയുടെ നേതൃത്വത്തിലുള്ള മധുര ജില്ലാഘടകം കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം പിരിച്ചുവിടുകയായിരുന്നു.

അതേസമയം കരുണാനിധി തന്റെ പിന്‍ഗാമിയായി എം.കെ. സ്റ്റാലിനെ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ അഴഗിരി ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.