| Friday, 29th December 2017, 9:20 pm

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിച്ചില്ല; മധ്യപ്രദേശില്‍ മൃതദേഹം ചുമന്ന് കുടുംബം നടന്നത് കിലോമീറ്ററുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ വീണ്ടും മനുഷ്യത്വ രഹിത നിലപാടെടുത്ത് അധികാരികള്‍. ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അധികാരികള്‍ ആംബുലന്‍സ് അനുവദിച്ചില്ല.

തുടര്‍ന്ന് കര്‍ഷകന്റെ മൃതദേഹം കട്ടിലില്‍ ചുമന്ന് രണ്ട് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു കുടുംബം. ദാരിദ്ര്യത്തെ തുടര്‍ന്നാണ് തികംഗ്ര ജില്ലയിലെ ബര്‍ഗോള ഗ്രാമത്തിലെ ധനിറാം എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

തൊഴിലില്ലാത്തതിനെ തുടര്‍ന്ന് തന്റെ മകന്‍ കടുത്ത വിഷമത്തിലായിരുന്നെന്ന് ധനിറാമിന്റെ അച്ഛന്‍ മിട്ടുലാല്‍ പറഞ്ഞു.

“കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വരള്‍ച്ച മൂലം കൃഷി നശിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി എന്റെ മകന്‍ ദിവസവേതനത്തില്‍ ജോലി അന്വേഷിക്കുകയായിരുന്നു. എന്നാല്‍ അതും കിട്ടാത്തതിനെ തുടര്‍ന്ന് അവന്‍ ഏറെ ദു:ഖിതനായിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണം.” മിട്ടുലാല്‍ പറഞ്ഞു.

അതേസമയം മരണവിവരം അറിഞ്ഞ് പ്രിഥ്വിപുര്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ദാരിദ്ര്യം പേറുന്ന കുടുംബത്തിന് ആംബുലന്‍സോ മറ്റു വാഹനമോ നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ കട്ടിലില്‍ ചുമന്നാണ് മൃതദേഹം രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രിത്വിപൂരിലെ ആശുപത്രിയില്‍ എത്തിച്ചത്.

വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമാണ് തികംഗ്ര. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഗ്രാമത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിപാടികള്‍ കൃത്യമായി നടപ്പാക്കപ്പെട്ടിരുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 120 കര്‍ഷകരാണ് ഇവിടെ മാത്രം ആത്മഹത്യ ചെയ്തത്.

We use cookies to give you the best possible experience. Learn more