| Friday, 23rd November 2018, 11:03 am

ബാലഭാസ്‌കര്‍ തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്തിന്? ; മരണത്തില്‍ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രിക്ക് കുടുംബത്തിന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ബാലഭാസ്‌കറിന്റെ പിതാവ് കത്തുനല്‍കി.

മൊഴിയിലെ വൈരുദ്ധ്യമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചത് ആര് എന്ന കാര്യത്തിലടക്കം വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

വാഹനം ഓടിച്ചത് ആരാണെന്ന് ഓര്‍മ്മിയില്ല എന്ന മറുപടിയാണ് ഡ്രൈവര്‍ നല്‍കിയത്. ഇതുസംബന്ധിച്ച ബാലഭാസ്‌കറിന്റെ ഭാര്യയുടെയും മൊഴിയും രേഖപ്പെടുത്തിയിരുന്നു. മംഗലപുരം പൊലീസാണ് നിലവില്‍ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

Also Read:ശ്രീധരന്‍പിള്ളയെ അധ്യക്ഷനാക്കാന്‍ നിര്‍ദേശിച്ചവര്‍ തന്നെ പിള്ളയ്‌ക്കെതിരെ രംഗത്ത്; പിള്ളയുടെ നീക്കങ്ങള്‍ തിരിച്ചടിയായെന്ന് നേതൃത്വത്തിന് പരാതി

പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണണെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിനാണ് ബാലഭാസ്‌കര്‍ തിടുക്കപ്പെട്ട തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ദേശീയപാതയില്‍ പള്ളിപ്പുറം സി.പി.ഐ.പി.എഫ് ക്യാമ്പ് ജംങ്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

We use cookies to give you the best possible experience. Learn more