| Thursday, 27th June 2019, 11:36 am

സ്വകാര്യ ബാങ്കിന്റെ ഭീഷണി: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു; ബാങ്കിനെതിരെ പരാതിയുമായി ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വകാര്യ ബാങ്കിന്റെ ഭീഷണിയെത്തുടര്‍ന്ന് മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചതായി ആരോപണം. പരിസ്ഥിതി പ്രവര്‍ത്തകനായ വടശ്ശേരി ജോസിയാണ് മരിച്ചത്. കൊച്ചി ഏലൂരിലാണ് സംഭവം.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ജോസിയുടെ വീട്ടിലേക്ക് ബാങ്കിന്റെ ആളുകള്‍ എത്തിയത്. മകന്റെ പേരില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. മകനാണ് ഇതിന്റെ സി.സി അടച്ചുകൊണ്ടിരുന്നത്. രണ്ടുമാസത്തെ അടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

മാനസിക സമ്മര്‍ദ്ദം മൂലമാണ് ജോസ് മരിച്ചതെന്നാണ് മകന്‍ ജോയല്‍ ആരോപിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരാണ് ഇന്ന് വീട്ടിലെത്തിയത്. പണം അടച്ചില്ലെങ്കില്‍ വാഹനം കൊണ്ടുപോകുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ജോസിന്റെ മകന്റെ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയാണ്. ഇതെല്ലാം കൂടിയായപ്പോള്‍ അദ്ദേഹത്തിന് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രണ്ടുമാസത്തെ അടവ് മുടങ്ങിയത് തിരിച്ചടയ്ക്കാന്‍ 30ാം തിയ്യതിവരെ അവധി ചോദിച്ചിരുന്നു, എന്നാല്‍ അതിനിടയിലും ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more