| Sunday, 25th February 2024, 1:52 pm

കപടമുഖങ്ങള്‍; കുടുംബമെന്ന ആശയത്തെ തച്ചുടച്ച 'ഫാമിലി'

വി. ജസ്‌ന

കുടുംബത്തിന് മറ്റെന്തിനേക്കാളും ഏറെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ ഇതേ കുടുംബത്തിനകത്ത് ആരും ഇതുവരെ പറയാത്ത അല്ലെങ്കില്‍ പറയാന്‍ പേടിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

അതിലൊന്നാണ് കുടുംബത്തിനകത്ത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും ചൂഷണങ്ങളും. മലയാള സിനിമയില്‍ കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും കുറിച്ച് മികച്ച സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഈ അതിക്രമങ്ങളെ തുറന്നുകാട്ടുന്ന സിനിമകള്‍ വളരെ കുറവാണ്.

അവിടെയാണ് മലയാള സ്വതന്ത്ര സിനിമാ സംവിധായകരില്‍ ഒരാളായ ഡോണ്‍ പാലത്തറ തന്റെ ഫാമിലിയെന്ന സിനിമയുമായെത്തുന്നത്. ഫാമിലിയെന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളെ കുറിച്ചല്ല പറയുന്നത്, മറിച്ച് കുടുംബമെന്ന വ്യവസ്ഥിതിയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന വേട്ടക്കാരനെ തുറന്ന് കാട്ടുകയാണ്.

കുടുംബത്തിനകത്ത് മുഖംമൂടിയിട്ട് അവര്‍ എപ്പോഴും സ്വതന്ത്രരായി വിലസി നടക്കുന്നതിനെ കുറിച്ചും ഡോണ്‍ തന്റെ ചിത്രത്തിലൂടെ പറയുന്നു.

ഒരു കുടുംബത്തില്‍ കപടമുഖവുമായി ജീവിക്കുന്ന മനുഷ്യരുടെ പ്രതിരൂപമാണ് വിനയ് ഫോര്‍ട്ടിന്റെ സോണിയെന്ന കഥാപാത്രം. അയാള്‍ തനിക്ക് ചുറ്റുമുള്ള ആളുകള്‍ക്കിടയില്‍ മാന്യനായി നടക്കുകയും ആരുമറിയാതെ തന്റെ വേട്ടക്ക് ഇറങ്ങുകയുമാണ് ചെയ്യുന്നത്.

ചിത്രത്തില്‍ ഇടക്ക് നാട്ടില്‍ പുലി ഇറങ്ങിയത് കാണിക്കുന്നത് സോണിയും ഈ പുലിയെ പോലെ അപകടകാരിയാണെന്ന് കാണിക്കാനാണ്. ഓരോ തവണയും പുലി ആ നാട്ടിലെ പശുവിനെയും ആടിനെയും ഭക്ഷിച്ച കാര്യം ആളുകള്‍ ചര്‍ച്ചചെയ്യുമ്പോള്‍ സോണിയെന്ന ബാലപീഡകന്‍ തിരിച്ചറിയപ്പെടാതെ പോകുന്നതും കാണാം.

നാട്ടിലിറങ്ങിയ വേട്ടമൃഗമായ പുലിയെ കുട്ടികള്‍ മാത്രമാണ് കാണുന്നത്. കുടുംബത്തില്‍ സോണിയെ പോലെയുള്ള വേട്ടക്കാരനെയും കുട്ടികളാണ് തിരിച്ചറിയുന്നത്. അയാള്‍ തനിക്ക് ചുറ്റുമുള്ള കുട്ടികള്‍ക്ക് മുന്നിലാണ് തന്റെ വികൃതമായ മുഖം കാണിക്കുന്നത്.

സിനിമക്ക് പുറത്തും അങ്ങനെ തന്നെയാണ്. ഒരു കുടുംബത്തിനകത്ത് ഒളിഞ്ഞിരിക്കുന്ന ഇത്തരം ബാലപീഡകരെ തിരിച്ചറിയുന്നത് കുട്ടികള്‍ മാത്രമാകും. കുടുംബത്തിലും സമൂഹത്തിലും വലിയ അംഗീകാരം നേടിയെടുക്കുന്ന ആളുകളുടെ കുറ്റങ്ങള്‍ വെളിച്ചത്തിലേക്ക് വരാതിരിക്കാന്‍ കാരണമാകുന്നത് സമൂഹവും കുടുംബവും തന്നെയാണെന്നും ഫാമിലി പറയാതെ പറയുന്നു.

ചിത്രത്തില്‍ പുരോഹിതന്‍ പ്രണയവും സൗഹൃദവും തള്ളിപറഞ്ഞ് കുടുംബത്തെ സ്‌നേഹിക്കാനും കുടുംബമാണ് ഏറ്റവും പുണ്യമായ ആശയമെന്നും പറയുന്നതും കാണാം. സോണി ചെയ്ത കുറ്റകൃത്യം പുറത്ത് വരുമ്പോള്‍ മതവും സമൂഹവും കുടുംബവും ചേര്‍ന്ന് അത് മൂടിവെച്ച് അയാളെ സംരക്ഷിക്കുകയാണ്.

ഡോണ്‍ എന്ന സംവിധായകന്‍ തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഈ സിനിമയുടെ ആശയത്തിലേക്ക് എത്തിയതെന്ന് നൂറുശതമാനവും ഉറപ്പിക്കാവുന്നതാണ്.

കാരണം ഫാമിലി കാണുന്നവരില്‍ വലിയ വിഭാഗം ആളുകള്‍ക്കും തങ്ങളുടെ ജീവിതത്തില്‍ സോണിയെ പോലെ ഒരാളെ പരിചയമുണ്ടാകാം. ആ വ്യക്തി സമൂഹത്തിലും കുടുംബത്തിലും മാന്യനായി ജീവിക്കുന്നുമുണ്ടാകാം.


Content Highlight: Family A Movie That Destroy The Concept of Family

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more