സംസ്‌കാരമുള്ള കുടുംബങ്ങള്‍ കുട്ടികളെ പ്രിയങ്കാ ഗാന്ധിയുടെ അടുത്തുപോകാന്‍ അനുവദിക്കരുതെന്ന് സ്മൃതി ഇറാനി
അമേഠി: സംസ്‌കാരമുള്ള കുടുംബങ്ങള്‍ കുട്ടികളെ പ്രിയങ്കാ ഗാന്ധിയുടെ അടുത്തുപോകാന്‍ അനുവദിക്കരുതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഒരുകൂട്ടം കുട്ടികളോടു സംസാരിക്കുന്നതും അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം ചര്‍ച്ചയായതു ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതിയുടെ പരാമര്‍ശം.
‘പ്രിയങ്ക കുട്ടികളെ ദുരുപയോഗം ചെയ്യും. അവര്‍ പ്രധാനമന്ത്രിക്കെതിരേ മോശമായി സംസാരിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. ഇതില്‍നിന്നു കുട്ടികള്‍ എന്താണു പഠിക്കുന്നത്? അവര്‍ ഒരു പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയുമാണ് അധിക്ഷേപിക്കുന്നത്. അവര്‍ ഗോരഖ്‌നാഥ് മഠാധ്യക്ഷനെ അപമാനിക്കുന്നു.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സ്മൃതി പറഞ്ഞു. ഗോരഖ്‌നാഥ് മഠാധ്യക്ഷനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്.
രാഹുലിന്റെ കഴിവില്ലായ്മ ചൂണ്ടിക്കാണിക്കുന്നതാണ് അമേഠിയിലെ പ്രിയങ്കയുടെ സാന്നിധ്യമെന്നും ഇറാനി ആരോപിച്ചു.
കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വിഷയത്തില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും അയച്ചിട്ടുണ്ട്.
അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രിയങ്ക പ്രചാരണം നടത്തുന്നതിനിടെ കാവല്‍ക്കാരന്‍ കള്ളനാണെന്നര്‍ഥം വരുന്ന ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു കുട്ടികളുടെ വീഡിയോ ആരംഭിക്കുന്നത്. പിന്നെലെയാണു കുട്ടികള്‍ മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗം പാടില്ലെന്നു പ്രിയങ്ക വിലക്കുന്നതും വീഡിയോയില്‍ കാണാം.
അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണു തുടര്‍ച്ചയായ രണ്ടാംവട്ടവും സ്മൃതി ഇറാനി. കഴിഞ്ഞവട്ടം അവര്‍ രാഹുലിനോടു പരാജയപ്പെട്ടിരുന്നു.