| Thursday, 18th November 2021, 11:48 am

'ഭര്‍ത്താവിന്റെ മൃതദേഹം മാത്രമാണ് ആവശ്യപ്പെടുന്നത്, മറ്റൊന്നും വേണ്ട'; ശ്രീനഗര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച ബന്ധുക്കളെ ബലമായി നീക്കി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ശ്രീനഗറിലെ പൊലീസ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ബന്ധുക്കളെ ബലമായി നീക്കി പൊലീസ്. കൊല്ലപ്പെട്ട വ്യവസായികളായ ഡോ. മുദാസിര്‍ ഗുല്‍, അല്‍താഫ് ഭട്ട് എന്നിവരുടെ മൃതദേഹം ആവശ്യപ്പെട്ട ബന്ധുക്കള്‍ അതിശൈത്യത്തേയും വകവെക്കാതെ ബുധനാഴ്ച വൈകിട്ട് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

‘ഒരു പൊലീസ് ഉദ്യോഗസ്ഥ വന്ന് മൃതദേഹം വിട്ട് തരാമെന്നും ഇവിടെ നിന്നും ഒഴിഞ്ഞ് പോകണമെന്നും പറഞ്ഞു. എന്നാല്‍ ഇക്കാര്യം എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചിട്ട് വരാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥ മടങ്ങി. ശേഷം ഒരു വണ്ടി പൊലീസാണ് തിരികെ വന്നത്. ശേഷം ഞങ്ങളെ അവിടെ നിന്ന് നീക്കുകയും സ്ഥലത്തെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തു’ മുദാസിര്‍ ഗുല്ലിന്റെയും അല്‍താഫ് ഭട്ടിന്റേയും ബന്ധുക്കള്‍ പറയുന്നു.

‘ഞാനെന്റെ ഭര്‍ത്താവിന്റെ മൃതദേഹം മാത്രമാണ് ആവശ്യപ്പെടുന്നത്. എനിക്ക് മറ്റൊന്നും വേണ്ട. അദ്ദേഹത്തെ അവസാനമായൊന്ന് കാണണം’. മുദാസിര്‍ ഗുല്ലിന്റെ ഭാര്യ ഹുമൈറാ മുദാസിര്‍ പറയുന്നു. 18 മാസം പ്രായമായ കുട്ടിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

കൊല്ലപ്പെട്ട അല്‍ത്താഫ് ഭട്ടിന്റെ 13 വയസ്സുള്ള മകള്‍ അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞതിനെ പറ്റി പ്രതികരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. അച്ഛന്‍ എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്ന അവളുടെ ചോദ്യത്തിന് പൊലീസ് ഓഫീസര്‍മാരുടെ മറുപടി പരിഹാസച്ചിരിയായിരുന്നു.

അതേസമയം, ബിസിനസുകാരനായ അല്‍ത്താഫ് ഭട്ടും ദന്തല്‍ സര്‍ജനായ മുദാസിര്‍ ഗുല്ലും തീവ്രവാദികളുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പൊലീസ് വാദിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ ക്രോസ് ഫയറിനിടെ കൊല്ലപ്പെട്ടതായിരിക്കാമെന്നായിരുന്നു അവര്‍ പറഞ്ഞത്.

കൊല്ലപ്പെട്ടവര്‍ തീവ്രവാദികളുമായി ബന്ധമുള്ളവരാണെന്ന പൊലീസ് വാദത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മുദാസിര്‍ ഗുല്ലിന്റെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ലത്തീഫ് മാര്‍ഗ്രേയെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊന്നതെന്ന് പിതാവ് അബ്ഹുള്‍ ലത്തീഫ് ആരോപിച്ചു.

2005 ല്‍ ഒരു തീവ്രവാദിയെ കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തിയതിന് ഇന്ത്യന്‍ സൈന്യത്തിന്റെ ബഹുമതി ലഭിച്ച വ്യക്തിയാണ് അബ്ദുള്‍ ലത്തിഫ്.

മകന്റെ മൃതദേഹം തരാതിരിക്കുന്നത് തീവ്രവാദത്തിനെതിരെയുള്ള തന്റെ പോരാട്ടത്തിനുള്ള പ്രതിഫലമാണെന്നും തന്റെ വീട് സംരക്ഷിക്കുന്ന സുരക്ഷാസേന ഒരു പക്ഷേ നാളെ തന്നെ കൊല്ലുകയും തീവ്രവാദിയാണെന്ന് പറയുകയും ചെയ്യുമെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു,

ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീനഗറിന് 100 കിലോമീറ്റര്‍ അകലെയാണ് പൊലീസ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. വിഷയത്തില്‍ പൊലീസിനെതിരെ ചില രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തെത്തി.

ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാത്തത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി കൊലപാതകത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടു. മെഹബൂബ മുഫ്തിയും നേതാക്കളും ബന്ധുക്കള്‍ക്കൊപ്പമുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more