| Wednesday, 20th November 2024, 10:36 pm

ഗള്‍ഫില്‍വെച്ച് മരണപ്പെട്ട തെലങ്കാന സ്വദേശികളായ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കും: രേവന്ത് റെഡ്ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് മരണപ്പെട്ട തെലങ്കാന സ്വദേശികളായ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഗള്‍ഫില്‍വെച്ച് മരിച്ച 17 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്യുകയായിരുന്നു രേവന്ത് റെഡ്ഡി.

വിവിധ അസുഖങ്ങളാലും അപകടത്തില്‍പ്പെട്ടും 160 തെലങ്കാന സ്വദേശികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടത്.

ഇത്തരത്തില്‍ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. രാജ്യത്തെ മറ്റൊരു സംസ്ഥാനങ്ങളും ഇത്തരത്തില്‍ ഗള്‍ഫില്‍വെച്ച് മരിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന്‌ കോണ്‍ഗ്രസ് എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ മന്ദ ഭീം റെഡ്ഡി അവകാശപ്പെട്ടു.

‘ഗള്‍ഫില്‍ മരിക്കുന്ന തൊഴിലാളികള്‍ക്ക് രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഇത്രയും സാമ്പത്തിക സഹായം നല്‍കുന്നില്ല. വരുമാനമുള്ള അംഗങ്ങളെ നഷ്ടപ്പെട്ട ഈ കുടുംബങ്ങള്‍ക്ക് സഹായമാവശ്യമാണ്. ഗള്‍ഫ് ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായഹസ്തം നീട്ടുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു,’ ഭീം റെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഡിസംബര്‍ ഏഴ് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 160 പേര്‍ ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, ഇറാഖ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വെച്ച് മരണപ്പെട്ടിരുന്നു. ഇവരില്‍ കൂടുതല്‍ പേരും നിസാമാബാദ്, ജഗിതാല്‍ ജില്ലയില്‍ നിന്നുള്ളവരാണ്.

ഈ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ സെപ്റ്റംബര്‍ ഒമ്പതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഗള്‍ഫ് തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു ഉപദേശക സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിരുന്നു. ഇതിന് പുറമേ, മരിച്ചവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Content Highlight: Families of Telangana workers who died in Gulf will be compensated soon: Revanth Reddy

We use cookies to give you the best possible experience. Learn more